ന്യൂയോർക്ക്- ലോവർ മാൻഹാട്ടനിലെ പ്രശസ്തമായ വാൾസ്ട്രീറ്റ് ചാർജിംഗ് ബുൾ പ്രതിമയ്ക്ക് സമീപം ചൊവ്വാഴ്ച വൈകുന്നേരം കാർ തീപിടിച്ചു പൊട്ടിത്തെറിച്ചു. മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റിയുമായി ബന്ധപ്പെട്ട് സർവീസ് നടത്തുന്ന ഒരു വാഹനമാണ് ബ്രോഡ്‌വേയ്ക്കും സ്റ്റോൺ സ്ട്രീറ്റിനും സമീപം വെച്ച് കത്തിയമർന്നത്. ഒരു മണിക്കൂറിലധികം നീണ്ടുനിന്ന തീപിടുത്തത്തെ തുടർന്ന് ന്യൂയോർക്കിലെ ഏറ്റവും തിരക്കേറിയ ഈ മേഖലയിലാകെ കനത്ത കറുത്ത പുക പടർന്നുപിടിച്ചു.
സംഭവമറിഞ്ഞ് ഉടൻ തന്നെ സ്ഥലത്തെത്തിയ ന്യൂയോർക്ക് ഫയർ ഡിപ്പാർട്ട്മെന്റ് (FDNY) വൈകുന്നേരം ഏഴ് മണിയോടെ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കി. അപ്രതീക്ഷിതമായി ഉണ്ടായ ഈ അപകടത്തിൽ ആർക്കും തന്നെ പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. തിരക്കേറിയ സമയത്തുണ്ടായ തീപിടുത്തം പ്രദേശത്ത് അല്പം പരിഭ്രാന്തി പരത്തിയെങ്കിലും വലിയൊരു ദുരന്തമാണ് ഒഴിവായത്.



