കോഴിക്കോട്– എല്ലാ വിഭാഗം കുട്ടികളും പഠിക്കുന്ന സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഏതെങ്കിലും വിഭാഗത്തിന് യോജിക്കാന്‍ സാധിക്കാത്ത രൂപത്തിലുള്ള പരിപാടികളും പദ്ധതികളും നടപ്പിലാക്കുന്നതും വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നതും പൊതു വിദ്യാഭ്യാസത്തിന്റെ തകര്‍ച്ചക്ക് ആക്കം കൂട്ടുമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന്. ഇത്തപം നിര്‍ദേശങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും കെ.എ.ടി.എഫ് അറിയിച്ചു. ബന്ധപ്പെട്ട അധ്യാപക സംഘടനകളുമായോ രക്ഷകര്‍ത്താക്കളുമായോ കൂടിയാലോചിക്കാതെ നടപ്പിലാക്കുന്ന ഇത്തപം പദ്ധതികല്‍ വിദ്യാലയങ്ങളെ വിവാദ കേന്ദ്രങ്ങളാക്കുകയും അത് മൂലം വലിയ ഒരു വിഭാഗത്തെ പൊതു വിദ്യാലയങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുവാനും മാത്രമേ ഉപകരിക്കുകയുള്ളൂ.
വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ദ്ധിച്ച് വരുന്ന ലഹരി ഉപയോഗം ഇല്ലാതാക്കാനുള്ള പേരില്‍ വിദ്യാലയങ്ങളില്‍ സൂംബാ ഡാന്‍സ് പരിശീലിപ്പിക്കണമെന്ന നിര്‍ദേശത്തോട് യോജിക്കാന്‍ സാധിക്കില്ല. ലഹരി വസ്തുക്കളുടെ ലഭ്യത ഇല്ലാതാക്കാനും അവ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന വിപത്തുകള്‍ വിദ്യാര്‍ഥിയെയും പൊതുസമൂഹത്തെയും ബോധവല്ക്കരിക്കാനവശ്യമായ നടപടികള്‍ സ്വീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് കെ.എ.ടി.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പാസാക്കിയ പ്രമേയത്തിലൂടെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സ്കൂളിലെ കായിക വിദ്യാഭ്യാസം കാര്യക്ഷമമായി നടപ്പിലാക്കുകയും കായികധ്യാപകമാരെ നിയമിക്കുകകയും ചെയ്താല്‍ ഒരു പരിധി വരെ വിദ്യാര്‍ഥികളിലെ ലഹരി ഉപയോഗത്തെ തടഞ്ഞ് നിര്‍ത്താന്‍ സാധിക്കുമെന്ന് കെ.എ.ടി.എഫ് സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് എം.ടി സൈനുല്‍ ആബിദീന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മാടമ്പാട്ട് പ്രമേയം അവതരിപ്പിച്ചു.