തെഹ്‌റാൻ: നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഗൾഫ് മേഖലയിൽ പോരാട്ടം വീണ്ടും ശക്തമാക്കി അമേരിക്കയും ഇറാനും. ജോർദാനിലെ യു.എസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾക്ക് പിന്നാലെ, ഇറാന് ശക്തമായ മറുപടി നൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാനെതിരെ അതിശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി.
ജോർദാനിലെ യു.എസ് താവളം ലക്ഷ്യമാക്കി ഇറാൻ റെവല്യൂഷണറി ഗാർഡ് വിക്ഷേപിച്ച അഞ്ച് ബാലിസ്റ്റിക് മിസൈലുകളും വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് വെടിവെച്ചിട്ടതായി ജോർദാൻ സൈന്യവും യു.എസും അറിയിച്ചു. ആക്രമണത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്റർസെപ്ഷൻ ദൃശ്യങ്ങൾ തത്സമയം കൃത്യമായി വിലയിരുത്തിയിരുന്നുവെന്ന് ട്രംപ് പറഞ്ഞു.
മിസൈലാക്രമണത്തിന് തൊട്ടുപിന്നാലെ, വടക്കുപടിഞ്ഞാറൻ ഇറാനിലെ പിരാൻഷഹർ മേഖലയിൽ അമേരിക്ക ബോംബാക്രമണം നടത്തി. ഇറാഖ് അതിർത്തിയോട് ചേർന്നുള്ള വെസ്റ്റ് അസർബൈജാൻ പ്രവിശ്യയിലെ കുർദിഷ് ഭൂരിപക്ഷ നഗരമായ പിരാൻഷഹറിലാണ് യു.എസ് വ്യോമാക്രമണം നടന്നതെന്ന് ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ സ്ഥിരീകരിച്ചു. പ്രദേശത്തെ ജനവാസമില്ലാത്ത മേഖലയിലാണ് പ്രൊജക്ടൈൽ പതിച്ചതെന്നും ആളപായമില്ലെന്നും പ്രവിശ്യാ ക്രൈസിസ് മാനേജ്‌മെന്റ് വിഭാഗം അറിയിച്ചു.
അതേസമയം, ഇറാഖിൽ ഇറാൻ പിന്തുണയുള്ള സായുധ ഗ്രൂപ്പുകളെ ലക്ഷ്യമിട്ട് യു.എസും സൗദി അറേബ്യയും ചേർന്ന് നടത്തിയ ആക്രമണങ്ങൾ ഇറാഖ് സർക്കാരുമായി ഏകോപിപ്പിച്ചാണ് നിർവ്വഹിച്ചതെന്ന് ട്രംപ് വ്യക്തമാക്കി. ഈ സായുധ സംഘങ്ങളെ ‘ലോകത്തെ കാർന്നുതിന്നുന്ന കാൻസർ’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇവർക്കെതിരെ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പും നൽകി. സൗദിയിലെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണം നടത്താൻ ഈ താവളങ്ങളാണ് ഉപയോഗിച്ചതെന്ന് യു.എസും സൗദിയും ആരോപിച്ചു. എന്നാൽ ഈ ആക്രമണങ്ങളിൽ പങ്കില്ലെന്നാണ് ഇറാന്റെ നിലപാട്. യു.എസ്-സൗദി ആക്രമണങ്ങളിൽ തങ്ങളുടെ 20 പേർ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാഖിലെ പോപ്പുലർ മൊബിലൈസേഷൻ ഫോഴ്‌സ് സ്ഥിരീകരിച്ചു.





