ജിദ്ദ: കിഴക്കൻ സൗദിയിലെയും റിയാദിലെയും എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെ ഡ്രോൺ ആക്രമണം നടത്തിയ ഇറാഖിലെ ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകൾക്കെതിരെ സൗദി അറേബ്യയും അമേരിക്കയും സംയുക്തമായി വ്യോമാക്രമണം നടത്തി. ആക്രമണത്തിൽ നാല് ഇറാൻ റെവല്യൂഷണറി ഗാർഡ് അംഗങ്ങളും യെമനിൽ നിന്നുള്ള ഹൂത്തി മിലീഷ്യ നേതാവും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.
വടക്കൻ ഇറാഖിലെ ദിയാല പ്രവിശ്യയിൽ രാത്രിയിലുണ്ടായ ബോംബാക്രമണത്തിൽ അലി അസ്ഗർ അസ്താനെ, അബുൽഫസൽ മുത്തഖി, മുർത്തസ അക്ബരി, അമീർ അബ്ബാസ് ദർഹാംഫൊറൂഷ് എന്നീ റെവല്യൂഷണറി ഗാർഡ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടതെന്ന് ഇറാന്റെ മെഹർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇവർ മധ്യ ഇറാനിലെ കാഷാനിൽ നിന്നുള്ളവരാണ്. ഇവർക്കൊപ്പം തങ്ങളുടെ പ്രവർത്തകനായ മുഹമ്മദ് ഖാലിദ് അൽഅയാശി കൊല്ലപ്പെട്ടതായി യെമനിലെ ഹൂത്തി ഗ്രൂപ്പും സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങൾ വിമാനമാർഗം തെഹ്റാനിലേക്ക് കൊണ്ടുപോയി.
എന്നാൽ, സാങ്കേതിക വിദഗ്ധരും ഉദ്യോഗസ്ഥരുമടക്കം ഏകദേശം 20 ഇറാൻ ഉപദേഷ്ടാക്കൾ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പേര് വെളിപ്പെടുത്താത്ത യു.എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്താനുള്ള സായുധ ഗ്രൂപ്പുകളുടെ ശേഷി ഇല്ലാതാക്കാൻ ഇറാൻ ഉപദേഷ്ടാക്കളുടെ സാന്നിധ്യമുള്ള കേന്ദ്രങ്ങൾ മനഃപൂർവ്വം ലക്ഷ്യമിടുകയായിരുന്നു.
ബാഗ്ദാദ്, ദിയാല, കിർക്കുക്ക്, ബസ്‌റ ഉൾപ്പെടെ ഏഴ് പ്രവിശ്യകളിലായി തങ്ങളുടെ 20 പേർ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ അനുകൂല സായുധ ഗ്രൂപ്പായ പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സ് അറിയിച്ചു. 72 മണിക്കൂറിനിടെ 30-ലേറെ ഡ്രോൺ ആക്രമണങ്ങൾ നടന്നതിനെ തുടർന്നാണ് നടപടിയെന്നും, ആക്രമണങ്ങൾക്ക് നിർദ്ദേശം നൽകിയത് റെവല്യൂഷണറി ഗാർഡ് ആണെന്നും യു.എസ് സെൻട്രൽ കമാൻഡ് ആരോപിച്ചു.
അതേസമയം, രാജ്യത്തിന്റെ പരമാധികാരത്തെ ലംഘിച്ച സംയുക്ത സൈനിക നടപടിയെ ഇറാഖ് ദേശീയ സുരക്ഷാ കൗൺസിൽ അപലപിച്ചു. ഇറാഖ് അധികൃതരുമായി ഏകോപിച്ചാണ് ആക്രമണം നടത്തിയതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടെങ്കിലും ഇറാഖ് ഇത് തള്ളി.
ഈ സംയുക്ത സൈനിക നടപടിയെ സ്വീകാര്യമല്ലാത്ത ആക്രമണം എന്ന് വിശേഷിപ്പിച്ച് ഇറാഖ് ദേശീയ സുരക്ഷാ കൗൺസിൽ അപലപിച്ചു. സുരക്ഷാ സാഹചര്യം സംബന്ധിച്ച് ഇറാഖ് ഉദ്യോഗസ്ഥർ യു.എസ്, സൗദി പ്രതിനിധികളുമായി സജീവമായി ചർച്ചകൾ നടത്തുന്നതിനിടെയാണ് ബോംബാക്രമണം നടന്നതെന്ന് കൗൺസിൽ ചൂണ്ടിക്കാട്ടി. ഇറാഖ് അധികൃതരുമായി ഏകോപിച്ചാണ് ആക്രമണം നടത്തിയതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടെങ്കിലും, തങ്ങളുടെ ദേശീയ പരമാധികാരത്തെ ലംഘിക്കുന്ന ഏതൊരു നടപടിയെയും നിരാകരിക്കുന്നതായി ഇറാഖ് വ്യക്തമാക്കി.





