തിരുവനന്തപുരം– തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൻ്റെ ഭാഗമായി പ്രവാസികൾക്ക് വോട്ടവകാശം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള ഇലക്ഷൻ കമ്മീഷന്റെ നടപടികളിൽ പലപ്പോഴും സാങ്കേതികമായ പിഴവുകൾ. ഇന്ത്യൻ ഇലക്ഷൻ കമ്മീഷന്റെ വെബ്സൈറ്റ് വിദേശ രാജ്യങ്ങളിൽ നിന്ന് ബ്രൗസ് ചെയ്യാൻ കഴിയുന്നില്ല എന്നതാണ് പ്രവാസികൾ നേരിടുന്ന പ്രധാന വെല്ലുവിളി. നിലവിൽ ഇന്ത്യൻ ഐപി അഡ്രസ്സിലുള്ള സിസ്റ്റങ്ങളിൽ നിന്ന് മാത്രമേ ഈ വെബ്‌സൈറ്റിലേക്ക് പ്രവേശിക്കാൻ സാധിക്കുന്നുള്ളൂ. ഇതിനാൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാനായി വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർക്ക് ഇസിഐ പോർട്ടൽ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. ഇതിനുപുറമെ ഫോം സിക്സ് എയിലെ മറ്റൊരു പോരായ്മയും വോട്ടർ എൻറോൾമെന്റിനെ സാരമായി ബാധിക്കുന്നുണ്ട്. ഫോമിൽ റിലേഷൻ എപിക് കോളം ഇല്ലാത്തതിനാൽ പുതുതായി അപേക്ഷിക്കുന്ന വോട്ട് ഏത് ബൂത്തിലാണെന്ന് കൃത്യമായി തിരിച്ചറിയാൻ ബിഎൽഒമാർക്ക് സാധിക്കുന്നില്ല. ഇത് വെരിഫിക്കേഷൻ നടപടികൾ തടസ്സപ്പെടുത്തുകയും പ്രവാസി വോട്ടർമാർ ആഗ്രഹിക്കുന്ന ബൂത്തിൽ പേര് വരാതിരിക്കാൻ കാരണമാവുകയും ചെയ്യുന്നു.
പ്രവാസികൾ നേരിടുന്ന ഈ ഗുരുതരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഖത്തർ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി സെക്രട്ടറി സിറാജ് മാത്തോത്ത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി.
പ്രവാസികൾക്ക് ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകാൻ സൗകര്യമൊരുക്കുമ്പോൾ ഈ സാങ്കേതിക തടസ്സങ്ങൾ കൂടി പരിഹരിക്കേണ്ടത് അനിവാര്യമാണ്. ഇത്തരത്തിലുള്ള പോരായ്മകൾ നീക്കാതെ പ്രവാസി വോട്ട് പട്ടികയിൽ ചേർക്കുന്ന നടപടികൾ കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കാൻ കഴിയില്ല എന്നതാണ് വസ്തുത.



