തിരുവനന്തപുരം- തട്ടിക്കൊണ്ടുപോകലിന് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനും ഭാര്യക്കും മക്കള്‍ക്കുമെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തതിനെത്തുടര്‍ന്ന് മകള്‍ ദിയ വിശദീകരണവുമായി രംഗത്ത്. സ്വന്തം അനിയത്തിമാരെപ്പോലെ കരുതിയവര്‍ തന്നെ വഞ്ചിച്ചുവെന്നും തട്ടിപ്പ് നടത്തിയ ജീവനക്കാരികളെ കണ്ണടച്ചു വിശ്വസിച്ചതാണ് തനിക്ക് പറ്റിയ തെറ്റെന്നും ദിയ കൃഷ്ണകുമാര്‍ ഒരു ദിനപത്രത്തോട് പറഞ്ഞു.
അവര്‍ ഇങ്ങിനെ ചെയ്യുമെന്ന് കരുതിയില്ല. ഗര്‍ഭിണി ആയിരുന്നു. അതുകൊണ്ട് കുറച്ചുകാലം ബിസിനസ്സ് കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. ഒരു സുഹൃത്ത് നല്കിയ സൂചനയാണ് തട്ടിപ്പ് പുറത്തുകൊണ്ടുവരാന്‍ സഹായിച്ചതെന്നും അഭിമുഖത്തില്‍ വ്യക്തമാക്കി. ഏഴെട്ടുമാസമായി അവര്‍ തട്ടിപ്പുനടത്തുകയാണ്. ഞാനിപ്പോള്‍ എട്ടുമാസം ഗര്‍ഭിണിയാണ്. എനിക്ക് ആദ്യ അഞ്ചു മാസം നല്ല പ്രയാസമായിരുന്നു. പലപ്പോഴും ആശുപത്രിയിലായിരുന്നു. അമ്മ കൂടെ വരും. ഡ്രിപ്പ് ഇട്ടാണ് സംസാരിക്കാന്‍ പോലും പറ്റിയിരുന്നത്.
ഗര്‍ഭിണി ആകുന്നതു വരെ കടയിലെ സ്റ്റോക്കും കാഷുമെല്ലാം നോക്കിയിരുന്നുവെന്നും എനിക്ക് കടയില്‍ വരാന്‍ പറ്റില്ലെന്നും നോക്കി നടത്തണമെന്നും അവരോട് ആവശ്യപ്പെട്ടിരുന്നുവെന്നും ദിയ വിശദീകരിച്ചു. കുറച്ചുകാലമായി കൂടെയുള്ളവരെ അവിശ്വസിക്കാന്‍ ഒന്നുമുണ്ടായിരുന്നില്ലെന്നും ആരു ചോദിച്ചാലും എന്റെ പിള്ളേരാണെന്നാണ് പറഞ്ഞിരുന്നതെന്നും അവര്‍ വ്യക്തമാക്കി.
കവടിയാറിലെ ദിയയുടെ സ്ഥാപനത്തിലെ പണം തട്ടിയെന്ന് ആരോപണ വിധേയരായ ജീവനക്കാരുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരുന്നത്. ക്യു.ആര് കോഡില്‍ തിരിമറി നടത്തി 69 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് കൃഷ്ണകുമാര്‍ മുന്‍പ് നല്കിയ പരാതിയുടെ തുടര്‍ച്ചയാണിത്. അതേസമയം പരാതിവ്യാജമാണെന്ന് കൃഷ്ണകുമാര്‍ അറിയിച്ചു. പണം തട്ടിയ സംഭവത്തില്‍ ജീവനക്കാരികള്‍ കുറ്റം സമ്മതിച്ചിരുന്നു. എട്ടു ലക്ഷം രൂപ തിരിച്ചുനല്‍കി. പക്ഷെ കേസ് കൊടുക്കരുതെന്നും ബാക്കി പണം നല്‍കാമെന്നും അവരുടെ ബന്ധുക്കളല് ആവശ്യപ്പെട്ടു. പിന്നീട് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് ഞാനും മകളും പരാതി നല്‍കിയതെന്നും കൃഷ്ണകുമാര്‍ അറിയിച്ചു.