കോഴിക്കോട്– കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി പഞ്ചായത്തിലെ ഒരു ബൂത്തിൽ നിന്നുള്ള കരട് വോട്ടർപട്ടികയിൽ ഭൂരിഭാഗം പേരും പുറത്ത്. കുറ്റ്യാടി പഞ്ചായത്തിലെ 106-ാം നമ്പര്‍ ബൂത്തിലെ 900 വോട്ടര്‍മാരില്‍ 480 വോട്ടര്‍മാരാണ് തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് പിന്നാലെ വോട്ടർ പട്ടികയിൽ നിന്നും പുറത്തായത്. ബിഎൽഒയ്ക്ക് പറ്റിയ പിഴവിൽ വോട്ടർ പട്ടികയിൽ 2002-ല്‍ വോട്ട് ചെയ്തവർ മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളത്.
അതിനാൽ തന്നെ പുറത്തായ എല്ലാവരും ഹിയറിംഗിന് വീണ്ടും ഹാജരാകണം. തനിക്ക് സാങ്കേതികമായി അറിവ് കുറവാണെന്നും അതുമൂലം ഉണ്ടായ പിഴവാണ് ഇതിന് കാരണമെന്നുമാണ് ബിഎല്‍ഒ പറയുന്നത്. വലിയ സമ്മര്‍ദമുണ്ടായിരുന്നുവെന്നും പിഴവ് മനസിലായത് അവസാനമാണെന്നും ഇയാൾ വ്യക്തമാക്കി. പൂരിപ്പിച്ച ഫോം ആപ്പില്‍ അപ്പ്‌ലോഡ് ചെയ്യുന്നതിലാണ് പിഴവുണ്ടായത്.
ഹിയറിങ് ഒഴിവാക്കാനുളള ചര്‍ച്ചകള്‍ അധികൃതരുമായി നടക്കുന്നുണ്ടെന്ന് ബിഎല്‍ഒ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തി ഹിയറിങ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. ജനപ്രതിനിധികള്‍ ജില്ലാ കളക്ടര്‍ക്ക് ബിഎല്‍ഒയ്‌ക്കെതിരെയും പരാതി നല്‍കിയിട്ടുമുണ്ട്.



