ഷാര്‍ജ – സ്വന്തം രാജ്യക്കാരായ രണ്ട് സഹോദരിമാരെ കൊലപ്പെടുത്തിയ കേസില്‍ സംശയിക്കപ്പെടുന്ന കസാഖ് പൗരനെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു. ഫോറന്‍സിക് ജോലി, രഹസ്യാന്വേഷണ ശേഖരണം, വിപുലമായ ഡാറ്റ വിശകലനം എന്നിവ ഉള്‍പ്പെട്ട തീവ്രമായ അന്വേഷണത്തിലൂടെ ചുരുങ്ങിയ സമയത്തിനുള്ളില്‍ കേസ് തെളിയിച്ച് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് സാധിച്ചു. പ്രതിക്ക് രണ്ട് സ്ത്രീകളെയും വ്യക്തിപരമായി അറിയാമായിരുന്നെന്നും കൊലപാതകത്തിന് മുമ്പ് അവര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നതായും പോലീസ് പറഞ്ഞു.
ഗുരുതരമായ കുറ്റകൃത്യം നടന്നിരിക്കാമെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ട് റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ലഭിച്ചതിനെ തുടര്‍ന്ന് ഷാര്‍ജ പോലീസിന്റെ ജനറല്‍ കമാന്‍ഡ് ഓഫ് ക്രിമിനല്‍ സെക്യൂരിറ്റി ആന്റ് പോര്‍ട്ട് അഫയേഴ്സ് വേഗത്തില്‍ നടപടി സ്വീകരിക്കുകയായിരുന്നു. പ്രത്യേക പോലീസ് സംഘങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി, സംഭവസ്ഥലം പരിശോധിക്കുക, തെളിവുകള്‍ ശേഖരിക്കുക, വിവരങ്ങള്‍ ശേഖരിക്കുക, സൂചനകള്‍ പിന്തുടരുക എന്നിവ അടക്കം വിശദമായ അന്വേഷണം ആരംഭിച്ചു. ലഭ്യമായ വിവരങ്ങള്‍ വിശകലനം ചെയ്യാനും വ്യത്യസ്ത തെളിവുകള്‍ തമ്മിലുള്ള ബന്ധം സ്ഥാപിക്കാനും അന്വേഷണോദ്യോഗസ്ഥര്‍ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചു. സംയുക്ത ശ്രമങ്ങള്‍ മരണങ്ങളെ ചുറ്റിപ്പറ്റിയുള്ള സാഹചര്യങ്ങള്‍ സ്ഥാപിക്കാനും പ്രതിയെ തിരിച്ചറിയാനും കണ്ടെത്താനും പോലീസിനെ സഹായിച്ചു.
രണ്ട് സഹോദരിമാര്‍ക്കും പ്രതിയുമായി വ്യക്തിപരമായ ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി ഷാര്‍ജ പോലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഡോ. ഖലീഫ ബല്‍ഹായ് പറഞ്ഞു. പ്രതിയും സഹോദരിമാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഒടുവില്‍ കുറ്റകൃത്യത്തിലേക്ക് നയിക്കുകയായിരുന്നു. പോലീസ് സംഘങ്ങളുടെ ഉടനടിയുള്ള പ്രതികരണം, വ്യത്യസ്ത സുരക്ഷാ യൂണിറ്റുകള്‍ തമ്മിലുള്ള അടുത്ത ഏകോപനം, ഫീല്‍ഡ് നടപടിക്രമങ്ങളുടെ കൃത്യത എന്നിവയാണ് അന്വേഷണത്തിന്റെ വേഗതക്ക് കാരണമെന്ന് ബ്രിഗേഡിയര്‍ ഡോ. ഖലീഫ ബല്‍ഹായ് പറഞ്ഞു. അന്വേഷണത്തിനിടെ പ്രതി കുറ്റം സമ്മതിച്ചു. ആവശ്യമായ നിയമ നടപടികള്‍ സ്വീകരിച്ച് കൂടുതല്‍ അന്വേഷണത്തിനായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ക്രിമിനല്‍ അന്വേഷണത്തിന്റെയും ഡിറ്റക്ടീവ് ടീമുകളുടെയും പ്രൊഫഷണലിസം, കാര്യക്ഷമത, ദ്രുത പ്രതികരണം എന്നിവയെ ഷാര്‍ജ പോലീസ് കമാന്‍ഡര്‍-ഇന്‍-ചീഫ് ലെഫ്റ്റനന്റ് ജനറല്‍ അബ്ദുല്ല മുബാറക് ബിന്‍ ആമിര്‍ പ്രശംസിച്ചു. കേസ് വേഗത്തില്‍ പരിഹരിച്ചതും പ്രതിയെ അറസ്റ്റ് ചെയ്തതും വ്യത്യസ്ത സുരക്ഷാ വെല്ലുവിളികള്‍ കൈകാര്യം ചെയ്യുന്നതില്‍ ഷാര്‍ജ പോലീസിന്റെ ഉയര്‍ന്ന തലത്തിലുള്ള സുസജ്ജത, ഫീല്‍ഡ് വൈദഗ്ധ്യം, പ്രവര്‍ത്തന ശേഷി എന്നിവ പ്രകടമാക്കുന്നതായി അദ്ദേഹം പറഞ്ഞു. കേസിനെ കുറിച്ചുള്ള കിംവദന്തികളില്‍ ആകൃഷ്ടരാകുകയോ സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് ലെഫ്റ്റനന്റ് ജനറല്‍ അബ്ദുല്ല മുബാറക് ബിന്‍ ആമിര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. കൃത്യവും പരിശോധിച്ചുറപ്പിച്ചതുമായ വിവരങ്ങള്‍ പൊതുജനങ്ങളുമായി പങ്കിടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് വിവരങ്ങള്‍ നേടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.







