ഡോ. എം.കെ മുനീറിന് ഇത്തവണ നിയമസഭയിലേക്ക് സീറ്റില്ല എന്ന തീരുമാനം അറിയിക്കുമ്പോൾ തന്നെ മോശമല്ലാത്ത ഒരു പദവി അദ്ദേഹത്തിന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വാഗ്ദാനം ചെയ്തിരുന്നു. ഡോ. എം.കെ മുനീറിനോടുള്ള ആദരവും ബഹുമാനവും പ്രകടിപ്പിക്കാൻ വേണ്ടിയാണ് സാദിഖലി ശിഹാബ് തങ്ങൾ ഇക്കാര്യം വാഗ്ദാനം ചെയ്തത്. ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനായി ഡോ. എം.കെ മുനീറിനെ സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുമ്പോൾ സാദിഖലി തങ്ങളുടെ വാഗ്ദാനം കൂടിയാണ് പാലിക്കപ്പെടുന്നത്.
പതിറ്റാണ്ടുകളായി രാഷ്ട്രീയ പ്രവർത്തനം നടത്തിയിട്ടും കാര്യമായ സമ്പാദ്യങ്ങളൊന്നുമില്ലാത്ത നേതാവ് കൂടിയാണ് ഡോ. എം.കെ മുനീർ. അദ്ദേഹത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ഇടതുനേതാക്കൾക്കും നല്ല ബോധ്യമുണ്ട്. കാബിനറ്റ് പദവിയോടെയുള്ള എം.കെ മുനീറിന്റെ നിയമനം സംബന്ധിച്ച് ഇടതുനേതാക്കളൊന്നും പ്രതികരിക്കാത്തതും ഈ ബോധ്യം കൊണ്ടാണ്.
കോൺഗ്രസിലും നിരവധി പേർ ഈ പോസ്റ്റിന് വേണ്ടി അവകാശവാദം ഉന്നയിച്ചിരുന്നു. കെ.പി.സി.സി മുൻ അധ്യക്ഷൻ എം.എം ഹസൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് പി.ജെ ജോസഫ് തുടങ്ങി നിരവധി പേർ ഈ പോസ്റ്റിനായി കാത്തിരിക്കുകയും ചെയ്തു. മുസ്ലിം ലീഗ് പ്രതിനിധിക്ക് ഈ സീറ്റ് നൽകുന്നതിൽ പാർട്ടിക്കകത്തും മുന്നണിക്കുള്ളിലും ഉണ്ടായേക്കാവുന്ന പ്രതിസന്ധി സംബന്ധിച്ച് വി.ഡി സതീശൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്തു. എന്നാൽ ഇത് ഞാൻ മുനീറിന് നൽകിയ വാഗ്ദാനമാണെന്നും ഒരു നിലക്കും പിറകോട്ട് പോകാനാകില്ലെന്നും സാദിഖലി തങ്ങൾ നിർബന്ധം ചെലുത്തുകയും ചെയ്തു. കഴിഞ്ഞ ആഴ്ച മലപ്പുറത്ത് എത്തിയ സതീശനുമായി സാദിഖലി തങ്ങൾ ഇക്കാര്യം വീണ്ടും ആവശ്യപ്പെടുകയും ചെയ്തിരുന്നു. സാദിഖലി തങ്ങൾ നടത്തിയ നിരന്തര നീക്കമാണ് മുനീറിന്റെ കാര്യത്തിൽ വിജയിച്ചത്.
മുസ്ലിം ലീഗിന് ഈ കാബിനറ്റ് പദവി നൽകിയാലുണ്ടായേക്കാവുന്ന കലഹങ്ങളുടെ ആദ്യവെടി പൊട്ടിക്കലാണ് കഴിഞ്ഞ ദിവസം യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയത്. കെ.പി.സി.സി ആസ്ഥാനത്ത് വെച്ച് സ്വന്തം പാർട്ടിയുടെ മുഖ്യമന്ത്രിക്കെതിരെ നടത്തിയ വാർത്താസമ്മേളനം യു.ഡി.എഫ് കേന്ദ്രങ്ങളെ ഞെട്ടിപ്പിക്കുകയും ചെയ്തു. എന്നാൽ വി.ഡി സതീശന് ശക്തമായ പിന്തുണ നൽകുന്ന കാര്യത്തിൽ മുസ്ലിം ലീഗ് ഇന്ന് ഉറച്ചു നിൽക്കുകയും ചെയ്തു. മലപ്പുറത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അടൂർ പ്രകാശിനെ തള്ളി ലീഗ് രംഗത്തെത്തിയത്. പതിവു അസ്വാരസ്യങ്ങളിലേക്ക് യു.ഡി.എഫ് അതിവേഗം പ്രവേശിക്കുന്നതിന്റെ കാഴ്ചകൾക്കാണ് കേരള രാഷ്ട്രീയം സാക്ഷിയാകാനിരിക്കുന്നത്.







