കൊല്ലം– ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോടതി ജാമ്യം അനുവദിച്ചു. കട്ടിളപ്പാളി കേസുമായി ബന്ധപ്പെട്ട് കൊല്ലം വിജിലൻസ് കോടതിയിലാണ് ജാമ്യം അനുവദിച്ചത്. 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായതിനെത്തുടർന്ന് സമർപ്പിച്ച ഹർജിയിലാണ് വിധി.
അന്വേഷണസംഘം നിശ്ചിത സമയത്തിനകം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ ലഭിക്കുന്ന സ്വാഭാവിക ജാമ്യത്തിന് പ്രതി അർഹനമാണെന്ന് കോടതി നിരീക്ഷിച്ചു. ദ്വാരപാലക കേസിൽ നേരത്തെ ഇദ്ദേഹത്തിന് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.
കേസിലെ മറ്റ് പ്രധാന പ്രതികളെല്ലാം നേരത്തെ തന്നെ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ എന്നിവർക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. മറ്റൊരു പ്രതിയായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിന് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി റിമാൻഡിലായി 43-ാം ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു.
പ്രത്യേക അന്വേഷണ സംഘം (SIT) കുറ്റപത്രം സമർപ്പിക്കാൻ വൈകിയതാണ് ജാമ്യം ലഭിക്കാൻ വഴിയൊരുക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



