റിയാദ്: ഇഷ്യു ചെയ്ത് വക്കാല പൂര്‍ത്തിയാക്കി സ്റ്റാമ്പ് ചെയ്യാനായി കോണ്‍സുലേറ്റുകളിലും എംബസികളിലുമെത്തിയപ്പോഴേക്കും ആയിരക്കണക്കിന് തൊഴില്‍ വിസകള്‍ റദ്ദാക്കപ്പെട്ടതിന് കാരണം നടപടിക്രമങ്ങള്‍ പാലിക്കാത്തതായിരുന്നുവെന്ന് സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. വ്യാജ സൗദിവത്കരണം നടത്തി നേടിയെടുത്ത സ്ഥാപനങ്ങളാണ് ഇത്തരം വിസകള്‍ ഇഷ്യു ചെയ്തതെന്നും 7200 ലധികം തൊഴില്‍ വിസകള്‍ ഇങ്ങനെ റദ്ദാക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ജനുവരി, ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ വിസ പ്രതിസന്ധിയെ കുറിച്ചാണ് മന്ത്രാലയം പ്രതികരിച്ചത്.
വക്കാലയും മെഡിക്കല്‍ പരിശോധനയും പൂര്‍ത്തിയാക്കി വിസകള്‍ സ്റ്റാമ്പ് ചെയ്യാന്‍ കാത്തിരുന്ന നിരവധി പേര്‍ക്കാണ് കഴിഞ്ഞ മാസങ്ങളില്‍ പെട്ടെന്ന് വിസകള്‍ റദ്ദായ വിവരം ലഭിച്ചത്. ഇതോടെ സൗദിയില്‍ ജോലി സ്വപ്‌നം കണ്ട പലരും നിരാശരായി. ഇഷ്യു ചെയ്ത വിസകള്‍ സ്റ്റാമ്പ് ചെയ്യാനെത്തുമ്പോള്‍ കാന്‍സല്‍ ആകുന്ന പ്രവണത കണ്ട് ഏജന്റുമാരും എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി.
91,000 വിസ കേസുകളില്‍ മന്ത്രാലയത്തിന്റെ നിരീക്ഷണ ടീമുകളും സ്മാര്‍ട്ട് നിരീക്ഷണ സംവിധാനവും വഴി നടത്തിയ പരിശോധനയില്‍ വ്യാജ സൗദിവല്‍ക്കരണവുമായി ബന്ധപ്പെട്ട 13,509 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. ഇങ്ങനെ നിയമലംഘനം നടത്തി ഇഷ്യു ചെയ്ത 7200 ലധികം വിസകള്‍ ഉടന്‍ റദ്ദ് ചെയ്തു. ഈ സ്ഥാപനങ്ങള്‍ക്ക് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തില്‍ നിന്നുള്ള സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തു. വ്യാജമായി നിയമിച്ച സൗദി ജീവനക്കാരെ സൗദിവല്‍ക്കരണ പദ്ധതിയായ നിതാഖാത്ത് പ്രോഗ്രാമില്‍ നിന്ന് നീക്കം ചെയ്യല്‍, യഥാര്‍ഥ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനായി അവരെ മാനവ വിഭവശേഷി വികസന ഫണ്ടിലേക്ക് റഫര്‍ ചെയ്യല്‍ എന്നിവ ഉള്‍പ്പെടെയുള്ള അടിയന്തര നടപടികള്‍ മന്ത്രാലയം സ്വീകരിച്ചു.
ഈ കൊല്ലം ആദ്യ പാദത്തില്‍ രണ്ടര ലക്ഷം സ്വകാര്യ സ്ഥാപനങ്ങളില്‍ മന്ത്രാലയ സംഘങ്ങള്‍ പരിശോധനകള്‍ നടത്തി. ഇതിനിടെ 1,68,000 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. പദവി ശരിയാക്കാന്‍ ആവശ്യപ്പെട്ട് 2,30,000 സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം മുന്നറിയിപ്പ് നോട്ടീസുകള്‍ നല്‍കി. മൂന്നു മാസത്തിനിടെ റിക്രൂട്ട്‌മെന്റ് ഓഫീസുകളില്‍ 3,522 നിയമ ലംഘനങ്ങള്‍ കണ്ടെത്തി.
നിയമവിരുദ്ധ ഗാര്‍ഹിക തൊഴിലാളി സേവനങ്ങളെ കുറിച്ച് പരസ്യപ്പെടുത്തിയ 238 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കണ്ടെത്തി മന്ത്രാലയം നടപടികള്‍ സ്വീകരിച്ചു. മനുഷ്യക്കടത്ത് സംശയിക്കപ്പെടുന്ന ഏകദേശം 54,000 കേസുകളില്‍ മന്ത്രാലയ സംഘങ്ങള്‍ പരിശോധനകള്‍ നടത്തി. ഇക്കാലയളവിനുള്ളില്‍ തൊഴില്‍ നിയമ ലംഘനങ്ങളെ കുറിച്ച് പൊതുസമൂഹത്തില്‍ നിന്ന് മന്ത്രാലയത്തിന് 15,563 പരാതികള്‍ ലഭിച്ചു.
ഒരു വര്‍ഷത്തിനിടെ ഏഴു പ്രാവശ്യം തൊഴില്‍ കരാറുകളില്‍ ഒപ്പുവെച്ച സൗദി പൗരന്മാര്‍ക്ക് വീണ്ടും ജോലിക്ക് നിയമിക്കപ്പെടാന്‍ ഒരു വര്‍ഷം കാത്തിരിക്കണെന്ന് മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.
വിസകള്‍ക്ക് വേണ്ടിയും മറ്റും സൗദികളെ ജോലിക്ക് കയറ്റിയിറക്കല്‍ ഒഴിവാക്കാനാണിത്. ഒരു സൗദി പൗരന് ഒരേ സമയം രണ്ടു സ്ഥാപനത്തില്‍ തൊഴില്‍ കരാര്‍ ഉണ്ടാകാന്‍ പാടില്ല. ഒരു സ്ഥാപനത്തില്‍ മാത്രമേ അനുവദിക്കുകയുള്ളൂ. രണ്ടെണ്ണമുണ്ടെങ്കില്‍ ഒന്നു കാന്‍സല്‍ ചെയ്ണമെന്നുമാണ് മന്ത്രാലയത്തിന്റെ നിലപാട്.



