കൊല്ലം -പ്രശസ്ത നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു. തൃശൂർ സ്വദേശിയായ അദ്ദേഹം കൊല്ലം പട്ടത്താനത്തെ വസതിയിലായിരുന്നു അന്തരിച്ചത്. അസുഖബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്കാരം നാളെ തൃശൂരിലെ തൃത്തല്ലൂരിൽ വെച്ച് നടക്കും. പ്രശസ്ത നടനും എംഎൽഎയുമായ മുകേഷിന്റെ സഹോദരീഭർത്താവാണ് ഇ.എ. രാജേന്ദ്രൻ.
നാടക-സിനിമാ രംഗങ്ങളിൽ സജീവമായിരുന്ന അദ്ദേഹം ഡൽഹിയിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമ, പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ നിന്നാണ് കലയുടെ ബാലപാഠങ്ങൾ അഭ്യസിച്ചത്.
നിരവധി നാടകങ്ങൾ സംവിധാനം ചെയ്ത അദ്ദേഹത്തിന് 1987-ൽ മികച്ച നാടകത്തിനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡും ലഭിച്ചിട്ടുണ്ട്.
1981-ൽ പുറത്തിറങ്ങിയ ‘ഗ്രീഷ്മം’ എന്ന ചിത്രത്തിലൂടെയാണ് ഇ.എ. രാജേന്ദ്രൻ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. എന്നാൽ പിന്നീട് നീണ്ട ഇടവേള എടുത്ത അദ്ദേഹം, ജയരാജ് സംവിധാനം ചെയ്ത ‘കളിയാട്ട’ത്തിലൂടെയാണ് വീണ്ടും സിനിമയിൽ സജീവമായത്. പ്രണയവർണ്ണങ്ങൾ, പാട്ടാഭിഷേകം, ദയ തുടങ്ങി അറുപതോളം ചിത്രങ്ങളിൽ വില്ലനായും സ്വഭാവ നടനായും അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. സിനിമകൾക്ക് പുറമെ ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.



