റിയാദ്: റിയാദില്‍ നിര്യാതനായ മലപ്പുറം തിരൂര്‍ വൈലത്തൂര്‍ മണ്ണാറക്കല്‍ സ്വദേശി കൈതക്കാട്ടില്‍ അയൂബ് സഖാഫി (39) യുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമനടപടികള്‍ പൂര്‍ത്തിയായി. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ നിര്യാണം. അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും റിയാദില്‍ തിരിച്ചെത്തി മൂന്ന് മാസം പിന്നിടുമ്പോഴാണ് ഈ വിയോഗം സംഭവിച്ചത്. പ്രമുഖ ഇസ്‌ലാമിക വിദ്യാഭ്യാസ സമുച്ചയമായ മഅ്ദിന്‍ സ്ഥാപനങ്ങളുടെ താല്‍ക്കാലിക ഓര്‍ഗനൈസറായി അദ്ദേഹം പ്രവര്‍ത്തിച്ചു വരികയായിരുന്നു.
റിയാദിലെ സാമൂഹികസാംസ്‌കാരിക രംഗത്ത് സജീവമായിരുന്ന അയൂബ് സഖാഫി ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്)
അസീസിയ ഡിവിഷന്‍ ദാറുല്‍ ബൈദാ യൂണിറ്റ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. പരേതനായ കുഞ്ഞിമുഹമ്മദ് ഹാജിയാണ് പിതാവ്. മാതാവ്: ഫാത്തിമ. ഭാര്യ: റുമൈസ. റസീന്‍ റബീഹ്, റാസി ആയിഷ എന്നിവര്‍ മക്കളാണ്. നാട്ടില്‍ പിതാവിന്റെ ആണ്ടുനേര്‍ച്ചയുമായി ബന്ധപ്പെട്ട ചടങ്ങുകളും പ്രാര്‍ത്ഥനകളും വീട്ടില്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് പ്രവാസലോകത്തുനിന്നും അയൂബ് സഖാഫിയുടെ മരണവാര്‍ത്ത കുടുംബത്തെ തേടിയെത്തിയത്.
ഇന്ന് വ്യാഴാഴ്ച അസര്‍ നിസ്‌കാരത്തിന് ശേഷം ഉമ്മുല്‍ ഹമാം കിങ് ഖാലിദ് മസ്ജിദില്‍ മയ്യിത്ത് നിസ്‌കാരം നടക്കും. തുടര്‍ന്ന് ശുമൈസി ആശുപത്രിയില്‍ നിന്നും മയ്യിത്ത് റിയാദ് എയര്‍പോര്‍ട്ടിലേക്ക് കൊണ്ടുപോകും. വെള്ളിയാഴ്ച രാവിലെ 7:35 ന് കോഴിക്കോട് എയര്‍പോര്‍ട്ടില്‍ എത്തിച്ചേരും. മരണാനന്തരമുള്ള നിയമനടപടികള്‍ റിയാദ് ഐ.സി.എഫ് റീജിയന്‍ സെക്രട്ടറി ഇബ്രാഹിം കരീം, ഇ ആര്‍ ടി സെക്രട്ടറി റസാക് വയല്‍ക്കര എന്നിവരുടെ നേതൃത്വത്തിലാണ് പൂര്‍ത്തിയാക്കിയത്.



