ന്യൂയോർക്ക്- 2026 ജൂലൈ 17ന് ജോർദാനിലെ യു.എസ് സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ മാരകമായ മിസൈൽ ആക്രമണം ചൈനീസ് ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയെന്ന് റിപ്പോർട്ട്.
ആക്രമണത്തിൽ മൂന്ന് യു.എസ് സൈനികർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൂടാതെ താവളത്തിലെ നിരവധി യുദ്ധവിമാനങ്ങൾക്കും ഡ്രോണുകൾക്കും കേടുപാടുകൾ സംഭവിച്ചു. ആക്രമണം കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം, താവളത്തിന് സംഭവിച്ച നാശനഷ്ടങ്ങളുടെ ചിത്രങ്ങൾ ഇറാൻ പുറത്തുവിട്ടിരുന്നു.
ചൈനീസ് സ്രോതസ്സുകളിൽ നിന്നുള്ള അതീവ കൃത്യതയാർന്ന ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയാണ് ഇറാൻ ഈ ആക്രമണം ആസൂത്രണം ചെയ്തതെന്ന് അമേരിക്കൻ മാധ്യമമായ ‘ദി വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്തു. വടക്കുകിഴക്കൻ ജോർദാനിലെ മുവഫാഖ് സാൽതി എയർ ബേസിന് നേരെ നടന്ന ആക്രമണത്തിന് തൊട്ടുമുമ്പും അതിന് ശേഷവും ചൈനീസ് ഉപഗ്രഹ ചിത്രങ്ങൾ ഇറാന് ലഭിച്ചിരുന്നു. ഈ ചിത്രം ഉപയോഗിച്ചാണ് അമേരിക്കൻ സൈനികർ ഉറങ്ങിക്കിടന്നിരുന്ന ഹൗസിങ് ഏരിയകൾ കൃത്യമായി ഇറാൻ ലക്ഷ്യം വെച്ചത്.
ഇസ്രായേൽ അവസരം തേടുന്നു, ട്രംപ് കപ്പലുകൾ അയക്കുന്നു; നയതന്ത്രം വഴിമുട്ടുന്ന പശ്ചിമേഷ്യയിൽ അതീവ ജാഗ്രത
അതേസമയം അമേരിക്കയുടെ ആരോപണങ്ങളെ ചൈന പൂർണ്ണമായും നിഷേധിച്ചു. തങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചാണ് മറ്റ് രാജ്യങ്ങളുമായി സഹകരിക്കുന്നതെന്നും അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ പറഞ്ഞ് അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയാണെന്നും വാഷിംഗ്ടണിലെ ചൈനീസ് എംബസി പ്രതികരിച്ചു.







