തിരുവനന്തപുരം: സംസ്ഥാനത്ത് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരമേറ്റ് ഒരു മാസം തികയാറാകുമ്പോഴും, മുസ്ലിം ലീഗ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തെച്ചൊല്ലി പാർട്ടിയിൽ കടുത്ത ആഭ്യന്തര കലഹവും അമർഷവും പുകയുന്നു. പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരും ഇഷ്ടക്കാരുടെ തിരുകിക്കയറ്റലും കാരണം നിയമനങ്ങൾ അനിശ്ചിതത്വത്തിലായതോടെ താഴെത്തട്ടിലുള്ള പ്രവർത്തകരും വലിയ പ്രതിഷേധത്തിലാണ്.
ഉപസമിതിയെ വെട്ടി മന്ത്രിമാർ; യോഗം അലസിപ്പിരിഞ്ഞു
പേഴ്സണൽ സ്റ്റാഫ് നിയമനം സുതാര്യമാക്കാൻ ലീഗ് നേതൃത്വം മുന്നോട്ടുവെച്ച സമിതിയെ പാടെ അവഗണിച്ചാണ് മന്ത്രിമാർ സ്വന്തം നിലയ്ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നത്. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക ഉപസമിതി തയ്യാറാക്കിയ പട്ടിക പാടെ തഴയപ്പെട്ടു. റഷീദലി തങ്ങളെ നോക്കുകുത്തിയാക്കി, ലീഗ് നേതൃത്വത്തിലെ ചില ഉന്നതർ തങ്ങളുടെ സ്വന്തക്കാരെ മന്ത്രിമാരുടെ സ്റ്റാഫിലേക്ക് തിരുകിക്കയറ്റിയെന്നാണ് ഉയർന്നുവരുന്ന ആരോപണം.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് അഞ്ച് ലീഗ് മന്ത്രിമാരുടെ സാന്നിധ്യത്തിൽ പ്രശ്നപരിഹാരത്തിനായി അടിയന്തര യോഗം ചേർന്നെങ്കിലും തർക്കങ്ങൾ രൂക്ഷമായതിനെ തുടർന്ന് യോഗം തീരുമാനമാകാതെ അലസിപ്പിരിഞ്ഞു. ഉപസമിതിയുടെ ലിസ്റ്റ് കാറ്റിൽപ്പറത്തി ഭൂരിഭാഗം മന്ത്രിമാരും തങ്ങളുടെ ഇഷ്ടക്കാരെ ഇതിനകം തന്നെ സ്റ്റാഫിൽ നിയമിച്ചുകഴിഞ്ഞു. എന്നാൽ പാർട്ടിയിൽ നിന്നുള്ള തിരിച്ചടി ഭയന്ന് ഇവരുടെ വിവരങ്ങൾ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. വ്യവസായ-ഐടി വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സ്റ്റാഫിൽ നിയമിക്കപ്പെട്ടവരുടെ വിവരങ്ങൾ മാത്രമാണ് ഭാഗികമായെങ്കിലും പുറത്തുവന്നിട്ടുള്ളത്.
കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ കടുത്ത അമർഷം; നേതൃത്വത്തിന് ‘മൗനം’
പുതിയ മന്ത്രിസഭയിൽ കോഴിക്കോട് ജില്ലയ്ക്ക് മന്ത്രിസ്ഥാനം ലഭിക്കാത്തതിലുള്ള അമർഷം പരിഹരിക്കാൻ മന്ത്രിമാരുടെ സ്റ്റാഫിൽ അർഹമായ പരിഗണന നൽകാമെന്ന് സംസ്ഥാന നേതൃത്വം ഉറപ്പുനൽകിയിരുന്നു. എന്നാൽ ഈ വാഗ്ദാനവും പൂർണ്ണമായി ലംഘിക്കപ്പെട്ടിരിക്കുകയാണ്. കോഴിക്കോട് ജില്ലാ കമ്മിറ്റി ഔദ്യോഗികമായി സമർപ്പിച്ച പട്ടികയിൽ നിന്ന് ഒരാളെപ്പോലും മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിലേക്ക് പരിഗണിച്ചില്ല.
ഇതേക്കുറിച്ച് സംസ്ഥാന നേതൃത്വത്തോടും മന്ത്രിമാരോടും അതൃപ്തി അറിയിക്കാനോ ആശയവിനിമയം നടത്താനോ പോലും ജില്ലാ കമ്മിറ്റിക്ക് സാധിക്കുന്നില്ല എന്നതാണ് ശ്രദ്ധേയം. വരാനിരിക്കുന്ന ബോർഡ്-കോർപ്പറേഷൻ ചെയർമാൻ സ്ഥാനങ്ങളിലേക്ക് തങ്ങളെ പരിഗണിക്കാതിരിക്കുമോ എന്ന ഭയമാണ് പരസ്യ പ്രതികരണത്തിന് മുതിരാത്തതിന് പിന്നിലെന്ന് അണികൾ ആരോപിക്കുന്നു. തങ്ങളുടെ കസേരകൾ സുരക്ഷിതമാക്കാൻ ജില്ലാ നേതൃത്വം അണികളുടെ വികാരം പണയം വെക്കുകയാണെന്നാണ് സാധാരണ പ്രവർത്തകരുടെ ആക്ഷേപം.
അണികളിൽ അതൃപ്തി പുകയുന്നു
ഭരണത്തിന്റെ തുടക്കത്തിൽത്തന്നെ പേഴ്സണൽ സ്റ്റാഫ് നിയമനത്തെച്ചൊല്ലി പാർട്ടിയിലുണ്ടായ ഈ തർക്കങ്ങൾ അണികൾക്കിടയിൽ കടുത്ത നിരാശയാണുണ്ടാക്കിയിരിക്കുന്നത്. അർഹരായവരെയും പാർട്ടിക്ക് വേണ്ടി ഒട്ടേറെ അധ്വാനിച്ചവരെയും മാറ്റിനിർത്തി, നേതാക്കളുടെ താല്പര്യങ്ങൾക്ക് മാത്രം മുൻഗണന നൽകുന്നതിനെതിരെ വരും ദിവസങ്ങളിൽ പ്രതിഷേധം പരസ്യമാകാനാണ് സാധ്യത.



