മലപ്പുറം– മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. പെരിന്തൽമണ്ണ സ്വദേശിയും കാപ്പ കേസ് പ്രതിയുമായ മുഹമ്മദ് റോഷൻ ആണ് പോസ്റ്റിന് പിന്നിലെന്ന് പോലീസ് കണ്ടെത്തി. ദൃശ്യങ്ങൾ കാട്ടി 15 കോടി രൂപ ആവശ്യപ്പെട്ടെന്നും, ഇത് നൽകാതിരുന്നതോടെ വ്യാജ ആരോപണങ്ങളുമായി രംഗത്തെത്തുകയുമായിരുന്നു എന്നാണ് പോലീസ് നൽകുന്ന വിവരം.
ജനുവരി 31-നാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. പാണക്കാട് മൊയീനലി തങ്ങളെ ചില അവ്യക്തമായ ദൃശ്യങ്ങളും ഫോട്ടോകളും കാണിച്ച് പ്രതി ഭീഷണിപ്പെടുത്തുകയും 15 കോടി രൂപ ആവശ്യപ്പെടുകയും ചെയ്തതായി പെരിന്തൽമണ്ണ പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ പറയുന്നു. പണം നൽകാൻ തയ്യാറാകാതിരുന്നതോടെയാണ് വ്യാജ ഫെയ്‌സ്ബുക്ക് ഐഡി വഴി സാദിഖലി തങ്ങൾക്കെതിരെ അപകീർത്തികരമായ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്.
സംഭവത്തിൽ സൈബർ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിന് പിന്നാലെ സാദിഖലി തങ്ങൾ നേരിട്ട് പരാതി നൽകുകയായിരുന്നു. പ്രതി നിലവിൽ ഒളിവിലാണെന്നും ഇയാൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയെന്നും പോലീസ് അറിയിച്ചു.



