2026 സെപ്റ്റംബര്‍ 1 നും ഡിസംബര്‍ 10 നും ഇടയിലുള്ള യാത്രകള്‍ക്ക് ഈ മാസം 20 മുതല്‍ സെപ്റ്റംബര്‍ 3 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് ഓഫര്‍ ലഭ്യമാണ്.
ജിദ്ദ: സൗദിയില്‍ നിന്ന് അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ഇക്കണോമി, ബിസിനസ് ക്ലാസ് ടിക്കറ്റുകള്‍ക്ക് 50 ശതമാനം വരെ കിഴിവുകള്‍ നല്‍കുന്ന പ്രമോഷണല്‍ ഓഫര്‍ സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് ആരംഭിച്ചു. നാല് ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സൗദിയയുടെ ട്രാന്‍സിറ്റ് വിമാന സര്‍വീസുകളിലെ ടിക്കറ്റുകള്‍ക്കും ഓഫര്‍ ബാധകമാണ്. 2026 സെപ്റ്റംബര്‍ 1 നും ഡിസംബര്‍ 10 നും ഇടയിലുള്ള യാത്രകള്‍ക്ക് ഈ മാസം 20 മുതല്‍ സെപ്റ്റംബര്‍ 3 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് ഓഫര്‍ ലഭ്യമാണ്. ലഭ്യമായ എല്ലാ വില്‍പ്പന ചാനലുകളിലൂടെയും റൗണ്ട്ട്രിപ്പ്, വണ്‍വേ ടിക്കറ്റുകള്‍ ഓഫറില്‍ ഉള്‍പ്പെടുന്നു.
അല്‍ഫുര്‍സാന്‍ ലോയല്‍റ്റി പ്രോഗ്രാമിലെ അംഗങ്ങള്‍ക്ക് പ്രമോഷണല്‍ കാലയളവില്‍ ബുക്ക് ചെയ്യുമ്പോള്‍ 100 ശതമാനം അധിക ബോണസ് ക്രെഡിറ്റ് ലഭിക്കും. ഇത് അവരുടെ അംഗത്വ നിലവാരം ഉയര്‍ത്താനോ നിലനിര്‍ത്താനോ ഉള്ള അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നു. കണക്റ്റിവിറ്റി മെച്ചപ്പെടുത്താനും ട്രാന്‍സിറ്റ് ട്രാഫിക് വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് സൗദിയ തങ്ങളുടെ ജിദ്ദ ഹബ് വിമാനത്താവളത്തിനായുള്ള തന്ത്രം വികസിപ്പിക്കുന്നത് തുടരുന്നു. 2026 ല്‍ 20 ലക്ഷത്തില്‍ കൂടുതലുള്ള ട്രാന്‍സിറ്റ് യാത്രക്കാരുടെ എണ്ണം 2030 ആകുമ്പോഴേക്കും 55 ലക്ഷത്തിലധികമായി ഉയര്‍ത്താനാണ് എയര്‍ലൈന്‍ ലക്ഷ്യമിടുന്നത്.
സൗദി വിമാന കമ്പനികളിലൂടെ ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് സൗദിയിലൂടെ ട്രാന്‍സിറ്റ് ആയി യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റിനോടൊപ്പം ലഭിക്കുന്ന ട്രാന്‍സിറ്റ് വിസയില്‍ 96 മണിക്കൂര്‍ വരെ രാജ്യത്ത് തങ്ങാന്‍ അനുവാദമുണ്ട്. ഇത് ഉംറ നിര്‍വഹിക്കാനും സൗദിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും യാത്രക്കാരെ പ്രാപ്തരാക്കുന്നു. ട്രാന്‍സിറ്റ് ട്രാഫിക് വര്‍ധിപ്പിക്കാനും ദേശീയ വ്യോമയാന പ്രോഗ്രാം ലക്ഷ്യങ്ങളെ പിന്തുണക്കാനുമുള്ള ദേശീയ വിമാന കമ്പനിയുടെ ശ്രമങ്ങളുടെ ഭാഗമാണിത്.







