പാലക്കാട്: ചിറ്റൂർ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഗോദയിൽ അപ്രതീക്ഷിത ട്വിസ്റ്റുകൾ. എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. വി. മുരുകദാസിന് വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് എൻ.ഡി.എ സ്ഥാനാർത്ഥി പ്രണേഷ് രാജേന്ദ്രന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ്. ‘നമ്മുടെ വോട്ട് വികസനത്തിന്, വോട്ട് എൽ.ഡി.എഫിന്, ചിഹ്നം മോതിരം’ എന്നായിരുന്നു പോസ്റ്റ്. സംഭവം വിവാദമായതോടെ പോസ്റ്റ് ഉടൻ പിൻവലിക്കുകയും തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് പ്രണേഷ് വിശദീകരണം നൽകുകയും ചെയ്തു.
എന്നാൽ ഈ സംഭവത്തെ യു.ഡി.എഫ് രാഷ്ട്രീയ ആയുധമാക്കി. എൽ.ഡി.എഫും എൻ.ഡി.എയും തമ്മിലുള്ള രഹസ്യ ധാരണയുടെ തെളിവാണ് ഇതെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി സുമേഷ് അച്യുതൻ ആരോപിച്ചു. രണ്ട് മുന്നണികളുടെയും അജണ്ട ഒന്നാണെന്നും അദ്ദേഹം പരിഹസിച്ചു.
അതേസമയം, കോൺഗ്രസിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായാണ് പ്രണേഷ് പിന്നീട് രംഗത്തെത്തിയത്. വടകരപ്പതി പഞ്ചായത്തിൽ അപര സ്ഥാനാർത്ഥിയുടെ ചിഹ്നം പ്രചരിപ്പിച്ച് വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് നേതാക്കൾ അറസ്റ്റിലായത് അവരുടെ രാഷ്ട്രീയ ജീർണ്ണതയുടെ തെളിവിലാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കി സമാധാനാന്തരീക്ഷം തകർക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും, വികസനത്തുടർച്ച ആഗ്രഹിക്കുന്ന ചിറ്റൂരിലെ ജനത ഇത്തരം നീക്കങ്ങളെ തള്ളിക്കളയുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.



