കോഴിക്കോട്: മക്കയിൽനിന്ന് ഹിജ്‌റ ചെയ്ത് മദീനയിലെത്തിയ പ്രവാചകൻ മുഹമ്മദ് നബി അവിടത്തെ ബഹുസ്വരസമൂഹത്തിലെ ഇതര മതവിശ്വാസികൾക്ക് നൽകിയ സ്വാതന്ത്ര്യവും സ്‌നേഹവും സഹിഷ്ണുതയും, വെറുപ്പ് പടർത്താൻ ശ്രമങ്ങൾ നടക്കുന്ന സമകാലീന ഇന്ത്യയിൽ ഏറെ പ്രസക്തമാണെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. പ്രവാചകൻ ആവിഷ്‌കരിച്ച മദീനാ ചാർട്ടർ വ്യത്യസ്ത മതവിഭാഗങ്ങളെ കൂട്ടിയിണക്കുന്ന സ്‌നേഹച്ചരടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രമുഖ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഹസൻ ചെറൂപ്പ രചിച്ച പുസ്തകങ്ങളുടെ പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുഗേഹങ്ങളുടെ കവാടനഗരിയായ ജിദ്ദയിൽ മൂന്ന് പതിറ്റാണ്ടിലേറെ മാധ്യമപ്രവർത്തനം നടത്തുന്ന ഹസൻ ചെറൂപ്പ, മക്കയുടെയും മദീനയുടെയും ചരിത്രം ആത്മീയാംശം ചോരാതെ ഏറ്റവും മികവുറ്റ രീതിയിലാണ് തയാറാക്കിയിരിക്കുന്നതെന്ന് തങ്ങൾ അഭിപ്രായപ്പെട്ടു.
‘തിരുഗേഹങ്ങളുടെ തിരുമുറ്റത്ത്: മക്ക മദീന ചരിത്രപഥങ്ങളിലൂടെ’ എന്ന പുസ്തകം റാകോ ഹോൾഡിംഗ് കമ്പനി ചെയർമാനും എം.ഡിയുമായ അബ്ദുറഹ്‌മാൻ പട്ടർകടവന് ആദ്യകോപ്പി നൽകി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു. ‘അല്ലാഹുവിന്റെ അതിഥികൾ: ഹജ്ജും ഉംറയും അറിയേണ്ടതെല്ലാം’ എന്ന പുസ്തകം അബീർ മെഡിക്കൽ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ഡോ. ജെംഷിത്ത് അഹമദിന് കോപ്പി നൽകി പ്രശസ്ത മാധ്യമപ്രവർത്തകൻ പി.കെ. മുഹമ്മദ് (മാനു സാഹിബ്) പ്രകാശനം നിർവഹിച്ചു.
കോഴിക്കോട് അളകാപുരിയിൽ നടന്ന ചടങ്ങിൽ ‘സുപ്രഭാതം’ മാനേജിംഗ് എഡിറ്റർ ടി.പി. ചെറൂപ്പ അധ്യക്ഷത വഹിച്ചു. ഗ്രന്ഥകാരൻ ഹസൻ ചെറൂപ്പ ആമുഖഭാഷണവും ഡോ. ഇസ്മായിൽ മരിതേരി പുസ്തകപരിചയവും നടത്തി. തുടർന്ന് നടന്ന ‘പുണ്യവിചാരം’ പരിപാടിയിൽ ‘മാധ്യമം’ അസോസിയേറ്റ് എഡിറ്ററും ‘മീഡിയാവൺ’ സി.ഇ.ഒയുമായ ഡോ. യാസീൻ അഷ്‌റഫ്, പ്രമുഖ എഴുത്തുകാരും മാധ്യമപ്രവർത്തകരുമായ ജമാൽ കൊച്ചങ്ങാടി, പി.കെ. പാറക്കടവ്, പി.എ.എം. ഹാരിസ്, ഗുഡ്‌വിൽ ഗ്ലോബൽ ഇനിഷ്യേറ്റീവ് ജനറൽ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി, ഗുഡ്‌വിൽ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സിക്കന്തർ പൊൻമാടത്ത് എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഗ്രന്ഥകാരൻ ഹസൻ ചെറൂപ്പയ്ക്കുള്ള ട്രെന്റ് ബുക്‌സിന്റെ ഉപഹാരം ഡയറക്ടർ നസീർ നൊച്ചാട് സമ്മാനിച്ചു. ഹംസ ഇരിങ്ങല്ലൂരിന്റെ ഖിറാഅത്തോടെ ആരംഭിച്ച ചടങ്ങിൽ ഹസൻ ചെറൂപ്പ സ്വാഗതവും ട്രെന്റ് ബുക്‌സ് എഡിറ്റർ സതീഷ് കെ. സതീഷ് നന്ദിയും പറഞ്ഞു. ട്രെന്റ് ബുക്‌സ് ഡയറക്ടർ ടി.പി. മുഷ്താഖ് അവതാരകനായിരുന്നു.






