പാലക്കാട്– മണ്ണാര്‍ക്കാട് ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ നിന്നും ലഭിച്ച ഗുളികയില്‍ നിന്ന് ലോഹക്കഷ്ണം. അന്യേഷണത്തിന് നിര്‍ദേശം നല്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍. മണ്ണാര്‍ക്കാട് സ്വദേശി ആസിഫിന്റെ മകന് വേണ്ടി വാങ്ങിയ ഗുളികനല്കാനായി പൊട്ടിച്ചപ്പോഴാണ് കമ്പിക്കഷ്ണം ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തില്‍ മരുന്ന് കമ്പനിക്കെതിരെ ആരോഗ്യവകുപ്പിന് പരാതി നല്‍കുമെന്ന് കുടുംബം അറിയിച്ചു.
ഡി.എം.ഒയുടെ നിര്‍ദേശ പ്രകാരം മണ്ണാര്‍ക്കാട് ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തും. ഗുളികയുടെ വിതരണം, എവിടെ നിന്ന് വന്ന സ്റ്റോക്ക് എന്നിവ ഉള്‍പ്പെടെ പരിശോധിക്കും. മാധ്യമങ്ങളിലെ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ഡി.എം.ഒയുടെ പരിശോധന നടപടി. അതേ സമയം നഗരസഭയും മരുന്ന് കമ്പനിക്കെതിരെ ആരോഗ്യ വകുപ്പിനും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്ന് ചെയര്മാന് സി. മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു. മണ്ണാര്‍ക്കാട് നഗരസഭ ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ സംഭവിച്ചതിനാലാണ് നഗരസഭയും പരാതി നല്‍കുന്നത്.