കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കായണ്ണയിൽ തൊഴിലുറപ്പ് തൊഴിലാളികളായ ആറു സ്ത്രീകൾക്ക് ഇടിമിന്നലേറ്റ് പരുക്കേറ്റു. ഇന്ന് വൈകീട്ട് ആറോടെ 12-ാം വാർഡിലെ നമ്പ്രത്തുകരയിൽ വച്ചാണ് സംഭവം.
പരുക്കേറ്റവർ പേരാമ്പ്ര താലൂക്കാശുപത്രിയിലും സഹകരണ ആശുപത്രിയിലും ചികിത്സ തേടി. ബോധരഹിതരായി വീണവരെ നാട്ടുകാർ ഉടനെ ആശുപത്രികളിൽ എത്തിക്കുകയായിരുന്നു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.
തൊഴിലുറപ്പിന്റെ ഭാഗമായി തോട്ടത്തിൽ പണിയെടുക്കുന്നതിനിടെയാണ് ഇടിമിന്നലേറ്റത്. കനത്ത മഴയില്ലെങ്കിലും അതിശക്തമായ ഇടിമിന്നലാണ് പ്രദേശത്തുണ്ടായതെന്ന് പ്രദേശവാസികൾ പറഞ്ഞു.
