റിയാദ്: ലോക കേരളസഭ അവസാനിപ്പിക്കാനുള്ള യു.ഡി.എഫ് സർക്കാരിന്റെ തീരുമാനം പ്രതിഷേധാർഹമാണെന്നും ഈ തീരുമാനം തിരുത്തണമെന്നും കേളി കലാസാംസ്കാരിക വേദി ആവശ്യപ്പെട്ടു. ലോകത്താകെയുള്ള പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും കേരളത്തിന്റെ വികസനത്തിൽ പ്രവാസികളെ പങ്കാളികളാക്കാനും രൂപീകരിച്ച പ്രധാന വേദിയാണ് ഇല്ലാതാക്കുന്നതെന്ന് റിയാദ് കേളി സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ലോക കേരളസഭ തുടരില്ലെന്നത് യു.ഡി.എഫിന്റെ രാഷ്ട്രീയ തീരുമാനമാണെന്നും മാറ്റമില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഓഫീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. സഭയുടെ ആറാം പതിപ്പിനായി ബജറ്റിൽ തുക വകയിരുത്തിയിട്ടില്ലെന്നും ഭരണച്ചെലവുകൾക്കും ബിസിനസ് ലീഡർഷിപ്പ് മീറ്റിനുമാണ് തുക അനുവദിച്ചതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.
പ്രവാസികളെ വെറും പണമയക്കുന്ന വിഭാഗമായി കാണാതെ വികസന പങ്കാളികളായി പരിഗണിച്ചാണ് ഈ സംവിധാനം നിലവിൽ വന്നത്. പ്രവാസികളുടെ അനുഭവങ്ങളിൽനിന്ന് ഉയർന്നുവന്ന നിർദേശങ്ങളാണ് നോർക്ക കെയർ, നോർക്ക കെയർ പ്ലസ് തുടങ്ങിയ ഇൻഷുറൻസ്-ആരോഗ്യ പരിരക്ഷാ പദ്ധതികളിലേക്ക് നയിച്ചത്. പ്രവാസി ക്ഷേമം, നിയമസഹായം, സുരക്ഷിത കുടിയേറ്റം, ജർമനിയിലേക്കുള്ള ‘ട്രപ്പിൾ വിൻ’ ഉൾപ്പെടെയുള്ള വിദേശ നഴ്സിങ് റിക്രൂട്ട്മെന്റുകൾ എന്നിവയിലെല്ലാം നോർക്ക വഴി ഫലപ്രദമായ ഇടപെടലുകൾ നടക്കാൻ ലോക കേരളസഭ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
പ്രവാസികളുടെ ആവശ്യങ്ങൾ നയപരമായ തീരുമാനങ്ങളായി മാറിയ അനുഭവമാണ് മുൻകാലങ്ങളിലുള്ളത്. പ്രവർത്തനരീതിയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിൽ അത് കൂടുതൽ സുതാര്യവും ഫലപ്രദവുമാക്കുകയാണ് വേണ്ടതെന്നും വേദി തന്നെ ഇല്ലാതാക്കുകയല്ല പരിഹാരമെന്നും കേളി വ്യക്തമാക്കി. പ്രവാസി പങ്കാളിത്തം ഉറപ്പാക്കുന്ന ലോക കേരളസഭ തുടരാൻ സർക്കാർ തയ്യാറാകണമെന്ന് കേളി സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.







