കോട്ടയം– മെഡിക്കല്‍കോളേജ് ആശുപത്രി കെട്ടിടത്തിന്റെ ഭാഗം തകര്‍ന്നുവീണ് സ്ത്രീ മരിക്കാനിടയായ സംഭവം നമ്മുടെ സംവിധാനങ്ങളുടെയും അധികൃതരുടെയും അനാസ്ഥയിലേക്കും അലസതയിലേയ്ക്കുമാണ് വിരൽചൂണ്ടുന്നതെന്ന വിമർശനം ശക്തമാകുന്നു. രാവിലെ 10.30-ന് കെട്ടിടം തകര്‍ന്നുവീണെങ്കിലും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന ബിന്ദു (52)വിനെ പുറത്തെടുക്കുന്നത് ഒരുമണിയോടെയാണ്. തിരച്ചില്‍ പോലും തുടങ്ങിയത് രണ്ട് മണിക്കൂറിന് ശേഷമാണെന്ന് അറിയുമ്പോഴാണ് നഷ്ടപ്പെടുത്തിയ സമയത്തിന് ജീവന്റെ വില നല്‍കേണ്ടി വന്നില്ലേ എന്ന ചോദ്യം ഉയരുന്നത്. ഉപയോഗിക്കാത്ത കെട്ടിടമാണെന്ന വിശദീകരണവും ആ ഉറപ്പില്‍ ആദ്യഘട്ടത്തില്‍ ആരും പരിശോധിക്കാൻ പോലും മെനക്കെടാതിരുന്നതും ഈ ദുരന്തത്തിന് കാരണമാണ്. രണ്ടര മണിക്കൂര്‍ അവശിഷ്ടങ്ങള്‍ക്കടയില്‍ കിടന്ന ബിന്ദുവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. സമയത്തിന് രക്ഷാപ്രവര്‍ത്തനം നടത്തി, വൈദ്യസഹായം ലഭ്യമാക്കിയിരുന്നെങ്കില്‍ ഒരു ജീവന്‍ ഒരുപക്ഷേ നഷ്ടപ്പെടില്ലായിരുന്നെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
നിലവിൽ ഉപയോഗത്തിലില്ലാത്ത, ആളൊഴിഞ്ഞ കെട്ടിടമാണെന്നതിനാൽ പരിക്കുകളോടെ കണ്ടെത്തിയ മൂന്നുപേരൊഴികെ വേറെയാരും അപകടത്തിൽപ്പെട്ടിട്ടില്ലെന്നായിരുന്നു ആദ്യമുണ്ടായിരുന്ന ധാരണ. എന്നാൽ, അമ്മയെ കാണാനില്ലെന്നും ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും മകൾ അറിയിച്ചതോടെയാണ് കെട്ടിടത്തിനുള്ളിൽ ബിന്ദു കുടുങ്ങിയിട്ടുണ്ടാകാമെന്ന നിഗമനത്തിലേക്ക് പോലീസും രക്ഷാപ്രവർത്തകരും എത്തിയത്. തുടർന്ന് 12.30-ഓടെയാണ് അവശിഷ്‌ടങ്ങൾ മാറ്റാനുള്ള ഹിറ്റാച്ചി സ്ഥലത്തെത്തിച്ച് അഗ്നിരക്ഷാ ഉദ്യോഗസ്ഥരും പോലീസും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ വിശദമായ തിരച്ചിൽ ആരംഭിച്ചത്. ഒരുമണിയോടെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് പുറത്തെടുത്ത് അൽപ സമയത്തിനകമാണ് ബിന്ദു മരിച്ചത്. പുറത്തെടുത്തപ്പോൾ ബിന്ദുവിന് ബോധമില്ലായിരുന്നു. തുടർന്ന് അത്യാഹിത വിഭാഗത്തിലെത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും രക്ഷിക്കാനായില്ല.
ബിന്ദുവിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചേക്കാമായിരുന്ന, വിലപ്പെട്ട രണ്ടുമണിക്കൂറാണ് ജാഗ്രതക്കുറവുമൂലം നഷ്ടമായത്. അപകടം നടന്ന അരമണിക്കൂറിനകം മന്ത്രി വി.എൻ വാസവനും വീണാ ജോർജും അടക്കമുള്ളവർ സ്ഥലത്തെത്തിയിട്ടും രക്ഷാപ്രവർത്തനത്തിൽ അനാസ്ഥയുണ്ടായി. ഉപയോഗിക്കുന്ന കെട്ടിടമല്ലെന്നും കൂടുതൽ ആർക്കും അപകടത്തിൽ അപായം സംഭവിച്ചിട്ടില്ലെന്നും ഉറപ്പിച്ച് പറയുകയാണ് ആദ്യഘട്ടത്തിൽ മന്ത്രിമാർ ചെയ്‌തത്. അത് രക്ഷാദൗത്യം പോലും വൈകിച്ചു. പഴയ കെട്ടിടമായതിനാലും വാർഡുകൾ അവിടെ പ്രവർത്തിക്കുന്നില്ലെന്ന അറിവിൽ ആരും അവിടെ എത്താനിടയില്ലെന്ന നിഗമനത്തിലേക്ക് വളരെ വേഗം എല്ലാവരും എത്തി. അപകടം നടന്ന സ്ഥലത്തുവെച്ചും ആരോഗ്യമേഖലയിൽ പ്രകടമായ വികസനത്തേക്കുറിച്ച് വാചാലരാകാനാണ് മന്ത്രിമാർ ശ്രമിച്ചതെന്നും ആരോപണം ഉയരുന്നുണ്ട്.
ഇടിഞ്ഞുവീണത് ആരും ഉപയോഗിക്കാത്ത കെട്ടിടമാണെന്നായിരുന്നു വി.എൻ. വാസവൻ മാധ്യമങ്ങളോട് പറഞ്ഞത്. ഇത് ഉപയോഗശൂന്യമായ കെട്ടിടമാണെന്നും വാർഡ് തൊട്ടപ്പുറത്താണെന്നും സാധനങ്ങളൊക്കെ സൂക്ഷിക്കുന്ന കെട്ടിടമാണ് തകർന്നതെന്നും മന്ത്രി പറഞ്ഞു. പുതിയ കെട്ടിടം പണിതുകഴിഞ്ഞെന്നും രോഗികളുടെ കൂട്ടിരിപ്പുകാർ പഴയ കെട്ടിടത്തിന്റെ ഭാഗത്ത് എത്തിയതുകൊണ്ടാണ് മൂന്നുപേർക്ക് പരിക്കേറ്റതെന്നും മന്ത്രി കൂട്ടിച്ചേർത്തിരുന്നു. പക്ഷേ ഏറെ വൈകിയാണ് അവശിഷ്ടങ്ങൾക്കിടയിൽ ഒരു ജീവൻ തുടിച്ചിരുന്നെന്ന് എല്ലാവരും മനസ്സിലാക്കിയത്
അടച്ചിട്ട കെട്ടിടത്തിൻ്റെ ശുചിമുറിയാണ് ഇടിഞ്ഞുവീണതെന്നും ഇത് ആരും ഉപയോഗിക്കുന്നില്ലെന്നുമായിരുന്നു മന്ത്രി വീണാ ജോർജ് ആദ്യഘട്ടത്തിൽ മാധ്യമങ്ങളോട് പറഞ്ഞത്. കിഫ്ബിയിൽനിന്ന് അനുവദിച്ച പണംകൊണ്ട് നിർമിച്ച കെട്ടിടത്തിന്റെ പ്രവൃത്തി പൂർത്തിയായെന്നും പുതിയ കെട്ടിടത്തിലേക്ക് മാറാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞിരുന്നു. ശുചിമുറിയാണ് ഇടിഞ്ഞുവീണതെന്നും ഈ ഭാഗത്തെ മുറികൾ പൂർണമായും ഉപയോഗിച്ചിരുന്നില്ലെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ടികെ ജയകുമാറും പ്രതികരിച്ചിരുന്നു.
എന്നാൽ, മന്ത്രിമാരുടെയും ആശുപത്രി സൂപ്രണ്ടിൻ്റെയും വാദങ്ങൾ തള്ളുന്ന പ്രതികരണമാണ് രോഗികളും കൂട്ടിരിപ്പുകാരും നടത്തിയത്. തകർന്നുവീണ കെട്ടിടത്തിലെ ശൗചാലയം ഉപയോഗിക്കാറുണ്ടെന്നും ഇതിനായി ആളുകൾ ഇവിടെവരാറുണ്ടെന്നുമാണ് ആശുപത്രിയിലെ കൂട്ടിരിപ്പുകാർ പറയുന്നത്. കെട്ടിടം പൂട്ടിയിരുന്നില്ല. അപകടസാധ്യത സംബന്ധിച്ച മുന്നറിയിപ്പും നൽകിയിരുന്നില്ലെന്നും ഇവരുടെ പ്രതികരണത്തിൽനിന്ന് വ്യക്തമാണ്. കെട്ടിടത്തിന്റെ മറ്റൊരുഭാഗത്ത് വാർഡുകളും അവിടെ രോഗികളും ഉണ്ടായിരുന്നു. അപകടശേഷമാണ് അവരെ ആ കെട്ടിടത്തിൽനിന്ന് മാറ്റാൻ ശ്രമമുണ്ടായത്.
തകർച്ചയിലായ കെട്ടിടം സമയത്ത് പൊളിച്ചുമാറ്റാതിരുന്നത് മാത്രമല്ല. കൃത്യസമയത്ത് രക്ഷാപ്രവർത്തനം നടക്കാതിരുന്നതും കടുത്ത വിമർശനങ്ങൾക്ക് വിധേയമാകുന്നുണ്ട്. ഇത്രയധികം ആളുകളെത്തുന്ന മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുവീണിട്ടും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആരും കുടുങ്ങിക്കിടക്കുന്നില്ല എന്ന ഉറപ്പുവരുത്താൻ പോലീസിനും ആശുപത്രി അധികൃതർക്കും സാധിച്ചില്ല. അതാണ് കുടുങ്ങിടന്ന സ്ത്രീയെ പുറത്തെടുക്കുന്നതിന് രണ്ടര മണിക്കൂർ വൈകാൻ ഇടയാക്കിയത്.
സംഭവത്തിൽ പ്രതിഷേധിച്ച് നിരവധി രാഷ്ട്രീയ പാർട്ടികളും നേതാക്കളും രംഗത്ത് വരുന്നുണ്ട്. മരണത്തിനുത്തരവാദി ആരോഗ്യമന്ത്രിയാണണെന്നും,ഉടൻ രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ടി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. വീണയും,വാസവനും പറഞ്ഞത് പച്ചക്കള്ളമാണെന്നും,ഗുരുതര വീഴ്ച്ചയാണിവരുടെ ഭാഗത്ത് നിന്നുണ്ടായതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു.