ബേപ്പൂർ– കർണാടകയിലെ ഗുണ്ടൽപേട്ടിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ഒരു കുടുംബത്തിലെ നാലുപേരുടെ സംസ്കാരം വലിയ ജനപങ്കാളിത്തത്തോടെ നടന്നു.കോഴിക്കോട് നടുവട്ടം പുഞ്ചപ്പാടം റോഡിൽ അസ്മാസിൽ പി.കെ. മുഹമ്മദ് അജീർ, സഹോദരി ആയിഷ നൂറി, ആയിഷയുടെ മക്കളായ നുഹ മുബാറക്ക്, നഹിയാൻ മുബാറക്ക് എന്നിവർക്കാണ് നാട് വിട നൽകിയത്. ഇന്നലെ രാവിലെ വീട്ടിൽ നിന്ന് സന്തോഷത്തോടെ യാത്ര തിരിച്ചവർ അപകടത്തിൽപ്പെട്ട വാർത്ത നാട്ടുകാർക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് രാവിലെ ഒമ്പതരയോടെയാണ് മൃതദേഹങ്ങൾ നടുവട്ടത്ത് എത്തിച്ചത്. നടുവട്ടം ഖുവ്വത്തുൽ ഇസ്‌ലാം മദ്രസയിൽ നടന്ന പൊതുദർശനത്തിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ്, എം.കെ. രാഘവൻ എം.പി ഉൾപ്പെടെയുള്ള പ്രമുഖരും നൂറുകണക്കിന് നാട്ടുകാരും ആദരാഞ്ജലികൾ അർപ്പിച്ചു. തുടർന്ന് 11 മണിയോടെ നടുവട്ടം പള്ളിയിൽ മയ്യിത്ത് നമസ്കാരവും ഖബറടക്കവും നടന്നു.


ഗുണ്ടൽപേട്ട് ദേശീയപാതയിൽ ഇവർ സഞ്ചരിച്ച കാറിൽ അമിതവേഗതയിൽ വന്ന ടോറസ് ലോറി ഇടിച്ചാണ് ദുരന്തമുണ്ടായത്. അജീറും ആയിഷയും സംഭവസ്ഥലത്ത് വെച്ചും മകൾ നുഹ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒമ്പതുവയസ്സുകാരൻ നഹിയാൻ വൈകിയാണ് മരണത്തിന് കീഴടങ്ങിയത്. ബെംഗളൂരുവിലെ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ (BHEL) ജീവനക്കാരനായ മുഹമ്മദ് അജീർ കഴിഞ്ഞ പത്ത് വർഷമായി കുടുംബത്തോടൊപ്പം ബെംഗളൂരുവിലായിരുന്നു താമസം. ആയിഷ നൂറിയും മക്കളും ബെംഗളൂരുവിൽ തന്നെയാണ് താമസിച്ചിരുന്നത്. അവിടെ കോളേജ് അധ്യാപികയായിരുന്നു ആയിഷ. ഇവരുടെ ഭർത്താവ് കോട്ടയ്ക്കൽ സ്വദേശി ജാഫർ വിദേശത്താണ്.
അരക്കിണറിലെ ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കാനാണ് ഇവർ നാട്ടിലെത്തിയത്. ചടങ്ങുകൾ കഴിഞ്ഞ് ചൊവ്വാഴ്ച രാവിലെ ബെംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മക്കൾക്ക് സ്കൂൾ ഉള്ളതിനാലാണ് ആയിഷ നൂറിയും മക്കളും സഹോദരനൊപ്പം യാത്ര പുറപ്പെട്ടത്. എന്നാൽ സ്കൂൾ അവധിയായതിനാൽ അജീറിന്റെ ഭാര്യയും മക്കളും ആയിഷയുടെ മകൾ ഹനയും യാത്രയിൽ കൂടെയുണ്ടായിരുന്നില്ല.



