തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുഗതാഗത രംഗത്ത് വൻ മാറ്റങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വരുമാന പരിധിയോ പ്രായഭേദമോ കണക്കിലെടുക്കാതെ എല്ലാ സ്ത്രീകൾക്കും ഈ ആനുകൂല്യം ലഭ്യമാകും. പ്രിയദർശിനി എന്ന് പേരിട്ടിരിക്കുന്ന ഈ വൻകിട പദ്ധതിയുടെ ഗുണഭോക്താക്കളിൽ ട്രാൻസ്ജെൻഡേഴ്സിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതി നടപ്പിലാക്കുന്നതിലൂടെ കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന വലിയ സാമ്പത്തിക നഷ്ടം സർക്കാർ നേരിട്ട് നികത്തുമെന്നും, ഇതിനായി ഏകദേശം 800 കോടി രൂപയുടെ ബാധ്യത സർക്കാർ പ്രതീക്ഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേ സമയം, മെട്രോമാൻ ഇ. ശ്രീധരൻ മുന്നോട്ടുവെച്ച അതിവേഗ റെയിൽപാത പദ്ധതി നടപ്പിലാക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും, പദ്ധതിയെക്കുറിച്ച് വിശദമായി പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമിതിയുടെ പഠന റിപ്പോർട്ട് ലഭിച്ച ശേഷമേ പദ്ധതിയുമായി മുന്നോട്ട് പോകണോ എന്നതിൽ സർക്കാർ തീരുമാനമെടുക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.കഴിഞ്ഞ ദിവസം ഇ. ശ്രീധരനുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിൽ 15 ദിവസത്തിനകം സർക്കാർ നിലപാട് വ്യക്തമാക്കുമെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പഠനത്തിനായി സമിതിയെ നിയോഗിച്ചുകൊണ്ടുള്ള സർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുന്നത്.
ഗതാഗത സെക്രട്ടറി അധ്യക്ഷനായ നാലംഗ സമിതിയെയാണ് പദ്ധതിയെക്കുറിച്ച് പഠിക്കാൻ സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്. റെയിൽവേ മേഖലയിലെ പ്രമുഖ വിദഗ്ധൻ ജെ. വിനയൻ, പ്രശസ്ത ധനകാര്യ വിദഗ്ധൻ ഡോ. സി. വീരമണി എന്നിവർക്കൊപ്പം പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ ശ്രീധർ രാധാകൃഷ്ണനും സമിതിയിൽ അംഗമാണ്. മുൻപ് കെ-റെയിൽ (സിൽവർ ലൈൻ) പദ്ധതിക്കെതിരെ ശക്തമായ നിലപാടെടുത്ത പരിസ്ഥിതി പ്രവർത്തകനാണ് ശ്രീധർ രാധാകൃഷ്ണൻ എന്നത് ശ്രദ്ധേയമാണ്.
രക്ഷാപ്രവർത്തന കേസിൽ മുൻകൂർ ജാമ്യം നൽകിയ വിധി സർക്കാർ വിശദമായി പരിശോധിക്കുമെന്നും എന്നാൽ കോടതി വിധിയെക്കുറിച്ച് സർക്കാർ പ്രത്യേക അഭിപ്രായം പറയുന്നില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. അന്തരിച്ച നടൻ സലിം കുമാറിന്റെ വീടിന് മുന്നിലെ നവമാധ്യമ തിരക്ക് വല്ലാത്തൊരു സ്ഥിതിവിശേഷമാണ് ഉണ്ടാക്കുന്നത്. അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷവും സോഷ്യൽ മീഡിയയിൽ തുടരുന്ന സൈബർ ആക്രമണങ്ങൾ നിർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് സംസാരിക്കവെ, സിപിഎമ്മിനെ തോൽപിക്കാൻ എളുപ്പമാണ് എന്നാൽ തോറ്റെന്ന് സമ്മതിപ്പിക്കാൻ പ്രയാസമാണെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. ബി. അശോകിന്റെ നിയമനവുമായി ബന്ധപ്പെട്ട വിമർശനങ്ങളിൽ, ഉദ്യോഗസ്ഥരുടെ രാഷ്ട്രീയം നോക്കിയല്ല സർക്കാർ നിയമനങ്ങൾ നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പിഎം ശ്രീ പദ്ധതിയെക്കുറിച്ച് നിലവിൽ അന്തിമ തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ല. മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കെതിരായ നോട്ടീസ് ഇ.ഡി അന്വേഷണത്തിന്റെ ഭാഗം മാത്രമാണ്. സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തുന്ന കാര്യത്തിൽ സർക്കാരിന് റോളില്ലെന്നും എന്നാൽ ഇ.ഡിയെ ആക്രമിക്കാൻ ആരെയും അനുവദിക്കില്ലെന്നും അത്തരം സാഹചര്യങ്ങളിൽ പോലീസ് ശക്തമായി ഇടപെടും എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയ സർക്കുലർ സർക്കാർ വീണ്ടും പരിശോധിക്കുമെന്നും സമരങ്ങൾ വരുന്ന സമയത്താണ് സെക്രട്ടേറിയറ്റ് സമരഗേറ്റ് അടച്ചതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.



