മലപ്പുറം- കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽനിന്ന് നിയമസഭയിലേക്ക് വിജയിച്ച ഫാത്തിമ തഹലിയയെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പരാമർശിച്ചില്ലെന്ന് ആരോപിച്ച് സൈബർ അതിക്രമം നേരിട്ട വനിതാ മുസ്ലിം ലീഗ് നേതാവ് സുഹറ മമ്പാടിനെ പിന്തുണച്ച് വൈകാരിക കുറിപ്പ് പങ്കിട്ട് മുൻ എം.എസ്.എഫ് നേതാവ്. മുസ്ലിം ലീഗിന് വേണ്ടി സുഹറ മമ്പാട് നടന്ന വഴികൾ വിവരിച്ചാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പിൽനിന്ന്
മൊബൈൽ ഫോണുകൾ ഇല്ലാത്ത കാലത്ത്, കൈക്കുഞ്ഞുങ്ങളെയും ഒക്കത്ത് വെച്ച് കാസർഗോഡ് മുതൽ എറണാകുളം വരെ പാർട്ടിക്കായി ബസ്സു കയറിയ ഒരു കാലമുണ്ടായിരുന്നു സുഹ്റ മമ്പാടിന്. പ്രസംഗവേദികൾ കഴിഞ്ഞ് രാത്രി വൈകി മക്കളുമായി ചങ്ങരംകുളത്തെ അങ്ങാടിയിൽ ബസ്സിറങ്ങുമ്പോൾ, തണലായി നിന്നത് ഭർത്താവ് അദ്റുക്ക മാത്രമായിരുന്നു. മണ്ണാർക്കാട് എം.ഇ.എസ് കോളേജിലെ എം.എസ്.എഫ് വേദിയിൽ നിന്ന് തുടങ്ങിയ ആ പ്രസംഗം പിന്നീട് കേരളമൊട്ടാകെയുള്ള സ്ത്രീമനസ്സുകളിൽ രാഷ്ട്രീയത്തിന്റെ വെളിച്ചമായി പടർന്നു.
അധികാരത്തിലല്ല, ഹൃദയങ്ങളിലാണ് സ്ഥാനം
മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ മാതൃകാപരമായ ഭരണം കാഴ്ചവെച്ചപ്പോഴും അവർ ഒരു സാധാരണ പ്രവർത്തകയുടെ ലാളിത്യം കൈവിട്ടില്ല. അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പോലും ഡൽഹിയിൽ വെച്ച് ആ ഭരണസമിതിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചത് ചരിത്രം. എന്നാൽ, ആ പദവികളേക്കാളും സുഹ്‌റ മമ്പാട് എന്ന നേതാവിനെ അടയാളപ്പെടുത്തുന്നത് അവരുടെ കരുണയാണ്.
രണ്ട് വർഷം മുമ്പുള്ള ഒരു നോമ്പുകാലം. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസും കൂട്ടരും അറസ്റ്റ് ചെയ്യപ്പെട്ട് പൊന്നാനി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കപ്പെടുമ്പോൾ, രാത്രി വൈകുവോളം സുഹ്‌റത്ത അവിടെയുണ്ടായിരുന്നു. “മക്കളെ വിടട്ടെ, അവരൊന്നും കഴിച്ചിട്ടുണ്ടാകില്ല” എന്ന ആ വാക്കുകളിൽ ഒരു നേതാവിനേക്കാൾ ഉപരി ഒരു ഉമ്മയുടെയും സഹോദരിയുടെയും കരുതലാണുണ്ടായിരുന്നത്.
ഏതൊരു സാധാരണ പ്രവർത്തകന്റെ വീട്ടിൽ മരണമുണ്ടായാലും അവർ ഓടിയെത്തും. പുറത്തെ ആൾക്കൂട്ടത്തിലല്ല, മറിച്ച് അകത്തെ വേദനകളിൽ ആശ്വാസം പകരാൻ അവർ സമയം കണ്ടെത്തും. പരിഭവങ്ങൾ ഉണ്ടാകുമ്പോഴും ആരോടും പകയില്ലാത്ത ആ മനസ്സ് അവരെ മറ്റുള്ളവരിൽ നിന്ന് വേറിട്ടുനിർത്തുന്നു.
വയസ്സാവുക എന്നത് ഒരു തെറ്റല്ല. രാഷ്ട്രീയത്തിൽ വിയോജിപ്പുകൾ സ്വാഭാവികമാണ്. പക്ഷേ, ആ വിയോജിപ്പുകൾ പ്രകടിപ്പിക്കേണ്ടത് മാന്യമായ ഭാഷയിലാകണം. സ്വന്തം സഹപ്രവർത്തകരോട് പോലും അസഹിഷ്ണുത കാണിക്കുന്ന ഒരു തലമുറയ്ക്ക് സുഹ്‌റ മമ്പാടിന്റെ ജീവിതം ഒരു പാഠമാണ്.
അപഹസിക്കുന്നവർക്കും സൈബർ ആക്രമണം നടത്തുന്നവർക്കും ആ സ്നേഹത്തിന്റെ ആഴം മനസ്സിലാകണമെന്നില്ല. പക്ഷേ, മുസ്ലിം ലീഗ് പ്രസ്ഥാനത്തിന് വേണ്ടി വിയർപ്പൊഴുക്കിയ, പ്രവർത്തകരെ സ്വന്തം മക്കളായി കണ്ട ആ സുഹ്‌റത്ത എന്നും ആദരവോടെ തന്നെ ഓർമ്മിക്കപ്പെടും.



