കണ്ണൂർ– ഛത്തീസ്ഗഡിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റു ചെയ്തതിൽ കേരളത്തിലാകെ വ്യാപക പ്രതിഷേധം.
കന്യാസ്ത്രീകളെ ജയിലില്‍ അടച്ചതില്‍ സംസ്ഥാനമാകെ പ്രതിഷേധം ഉയരണമെന്നും, ജയിലിലായത് കന്യാസ്ത്രീകളല്ല, ഭരണഘടനയാണെന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.
മനുഷ്യകടത്ത് നടന്നുവെന്നു പറഞ്ഞ് അറസ്റ്റിനെ ന്യായീകരിക്കുന്ന ഛത്തീസ്ഗഡിലെ ബിജെപി മുഖ്യമന്ത്രിയുടെ ട്വീറ്റും ആത്യന്തികം അപകടരമാണെന്നും ,ഭരണഘടനയുടെ ആർട്ടിക്കിൾ 26 ൽ സമ്മർദമ്മില്ലാതെ മതപരിവർത്തനം നടത്തുന്നതിൽ ഒരു തെറ്റുമില്ല എന്ന് വളരെ വ്യക്തമായി പ്രതിപാദിക്കുന്നുണ്ടെന്നു അദ്ദേഹം പറഞ്ഞു.
സർക്കാർ സംവിധാനത്തിനു വിട്ടുകൊടുക്കാതെ കന്യാസ്ത്രീകളെ ഉദ്യോഗസ്ഥർ ബജ്റങ്ദൾ പ്രവർത്തകർക്ക് എറിഞ്ഞു കൊടുക്കുകയായിരുന്നു.
ഇതൊരു ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ലെന്നും, നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി ഗവൺമെന്റ് 2014 തൊട്ട് അധികാരത്തിൽ വന്നതിനു ശേഷം ക്രിസ്ത്യൻ പുരോഹിതർക്കു നേരെയും മത ന്യൂനപക്ഷങ്ങൾക്കു നേരെയുമുള്ള അക്രമണങ്ങൾ വലിയ നിലയിൽ വർധിച്ചു വരികയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി
നരേന്ദ്രമോദിയല്ല നരേന്ദ്ര ‘ഭീതി’ യാണ് ഇന്ത്യ ഭരിക്കുന്നതെന്നും, രാജ്യത്ത് ഭീതിയുണ്ടാക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും ,കേരളത്തിലെ ബിജെപിക്കും തങ്ങളുടെ അടിസ്ഥാന ഗ്രന്ഥത്തിലെ ശത്രുക്കളെ മാറ്റാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഛത്തീസ്ഗഢിലുണ്ടായത് മത സ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള ശ്രമമാണെന്നും, അത് അനുവദിക്കാനാകില്ലെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവരും അറസ്റ്റിനെതിരെ ശക്തമായ പ്രതിഷേധം രേഘപ്പെടുത്തി.
കന്യാസ്ത്രീകളുടെ അറസ്റ്റിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഗൗരവത്തോടെ ഇടപെടണമെന്ന് ലത്തീൻ കത്തോലിക്ക സഭയും പറഞ്ഞു.
ജയിലിലുള്ള കന്യാസ്ത്രീകളെ സന്ദർശിക്കാൻ എംപിമാരായ ബെന്നി ബഹനാൻ, എൻ.കെ പ്രേമചന്ദ്രൻ,ഫ്രാൻസിസ് ജോർജ്, സപ്ത ഗിരി തുടങ്ങിയ സംഘം ഛത്തീസ്ഗഡിലേക്ക് തിരിക്കുമെന്നാണ് റിപ്പോർട്ട്.