കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റും മര്‍കസ് സ്ഥാപനങ്ങളുടെ പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങള്‍ അന്തരിച്ചു. ഇന്ന് (തിങ്കള്‍) വൈകുന്നേരം 5:20 ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 88 വയസ്സായിരുന്നു. നിരവധി മഹല്ലുകളുടെ ഖാളിയും സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെയും സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്റെയും സംസ്ഥാന പ്രസിഡന്റുമാണ്. മര്‍ഹും സയ്യിദ് അബ്ദുറഹ്മാന് ബാഫഖി തങ്ങളുടെ മരുമകനാണ്.
കേരളത്തിലെ പ്രമുഖ സയ്യിദ് തറവാടായ ബാഫഖി കുടുംബത്തില്‍ സയ്യിദ് അഹ്മദ് ബാഫഖി-ശരീഫ നഫീസ ബീവി എന്നിവരുടെ മകനായി 1938 ല്‍ ജനിച്ചു. കൊയിലാണ്ടിയിലെ വീടിനടുത്തുള്ള മാപ്പിള സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 1950 ല്‍ തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്ലാം അറബിക് കോളേജില്‍ ചേര്‍ന്നു. കോഴിക്കോട്, കൊയിലാണ്ടി, പരപ്പനങ്ങാടി ജുമാമസ്ജിദുകളിലെ പഠനശേഷം 1965 ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ ഉപരിപഠനം. അഞ്ചു വര്‍ഷം അവിടെ പഠിച്ച തങ്ങള്‍ വിദ്യാര്‍ത്ഥി സംഘടനയായ നൂറുല്‍ ഉലമയുടെ പ്രഥമ പ്രസിഡണ്ടായിരുന്നു.
ജാമിഅ നൂരിയ്യയില്‍ അല്‍ മുനീര്‍ മാസിക പുറത്തിറക്കിയതും തങ്ങളുടെ നേതൃത്വത്തിലായിരുന്നു. ഹാഫിള് മുഹമ്മദ് മുസ്ലിയാര്, കുട്ടി മുഹമ്മദ് മുസ്ലിയാര്, കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്, ഇ കെ അബൂബക്കര്‍ മുസ്ലിയാര് എന്നിവര്‍ പ്രധാന ഗുരുനാഥരാണ്. ആറു പതിറ്റാണ്ടോളമായി കൊയിലാണ്ടി വലിയകം ജുമാമസ്ജിദ് ഖത്വീബായ തങ്ങള്‍ കൊയിലാണ്ടി ഖല്ഫാന് സ്ഥാപനങ്ങളുടെ പ്രസിഡന്റാണ്. കഴിഞ്ഞ അര നൂറ്റാണ്ടായി സമസ്തയുടെയും പോഷക സംഘടനകളുടെയും നേതൃരംഗത്ത് സജീവമായിരുന്നു.
ഭാര്യ: പരേതയായ ശരീഫ ഉമ്മുക്കുല്‍സു. മക്കള്‍: സയ്യിദ് ഇബ്റാഹീം ബാഫഖി, സയ്യിദ് ഹുസൈന് ബാഫഖി, സയ്യിദ് ഉസ്മാന് ബാഫഖി, സയ്യിദ് ഇസ്മാഈല്‍ ബാഫഖി, സയ്യിദ് സൈദ് ഉമര്‍ ബാഫഖി, സയ്യിദ് സൈന്‍ ബാഫഖി, സയ്യിദ് അബ്ദുറഹ്മാന് ബാഫഖി, സയ്യിദത്ത് ശരീഫ റുഖയ്യ, സയ്യിദ് ഹാശിം ബാഫഖി.
മയ്യിത്ത് നമസ്കാരം നാളെ (ചൊവ്വ) ഉച്ചക്ക് 1 മണിക്ക് കൊയിലാണ്ടിയില്‍. ബാഫഖി തങ്ങളുടെ നിര്യാണത്തെ തുടര്‍ന്ന് സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിലുള്ള മദ്റസകള്‍ക്ക് അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസ് അറിയിച്ചു.



