മൂവാറ്റുപുഴ– അപൂർവ രോഗത്തോട് പോരാടുന്ന ഏഴു മാസം പ്രായമുള്ള കുഞ്ഞു മിയ മരിയയുടെ ജീവൻ രക്ഷിക്കാൻ ആവശ്യമായ 16.5 കോടി രൂപ ഒടുവിൽ മലയാളി ലോകം ഒന്നടങ്കം കൈകോർത്ത് സമാഹരിച്ചു. മൂവാറ്റുപുഴ ആയവനം സ്വദേശി ജിനു ജോർജിന്റെയും ഇരിങ്ങാലക്കുട ആളൂർ സ്വദേശി നിമ്മി ജോഷിയുടെയും മകളായ മിയ മരിയയ്ക്ക് സ്‌പൈനൽ മസ്‌കുലർ അട്രോഫി (SMA) ടൈപ്പ് 1 എന്ന ഗുരുതരമായ രോഗമാണ് സ്ഥിരീകരിച്ചിരുന്നത്. വിദേശത്തുനിന്ന് 16.5 കോടി രൂപയുടെ ജീവൻരക്ഷാ മരുന്നെത്തിച്ച് ‘ജീൻ തെറാപ്പി’ നടത്തിയാൽ മാത്രമേ ഈ കുഞ്ഞിന്റെ ജീവൻ നിലനിർത്താനാകൂ എന്ന് ഡോക്ടർമാർ വിധിയെഴുതിയിരുന്നു. ഒന്നര വയസ്സിനുള്ളിൽ തന്നെ ഈ ചികിത്സ നൽകേണ്ടതുണ്ടെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതോടെ വലിയൊരു തുക എങ്ങനെ കണ്ടെത്തുമെന്നറിയാതെ മാതാപിതാക്കൾ പ്രതിസന്ധിയിലായി.
ശ്വസിക്കാനോ ഭക്ഷണം വിഴുങ്ങാനോ പോലുമാകാതെ ട്യൂബിലൂടെ ആഹാരം നൽകിയിരുന്ന കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ആളൂർ പഞ്ചായത്ത് പ്രസിഡന്റ് റോസ്റ്റി ഫ്രാൻസിസ്, വാർഡ് മെമ്പർ പി.കെ. ജോസ്, മാതാവ് നിമ്മി ജോഷി എന്നിവരുടെ പേരിൽ ജോയിന്റ് അക്കൗണ്ട് രൂപീകരിച്ച് നാട് ഒന്നിച്ച് രംഗത്തിറങ്ങുകയായിരുന്നു. ആളൂർ ഗ്രാമവും മാധ്യമങ്ങളും സോഷ്യൽ മീഡിയയും ടൊവിനോ തോമസ്, ബേസിൽ ജോസഫ് അടക്കമുള്ള പ്രമുഖ സിനിമ താരങ്ങളും ഏറ്റെടുത്ത ഈ കാരുണ്യ യാചന ഒടുവിൽ ലക്ഷ്യത്തിലെത്തുകയും ലോകമെമ്പാടുമുള്ള മലയാളികളുടെ അകമഴിഞ്ഞ സഹായത്തോടെ ചികിത്സയ്ക്ക് ആവശ്യമായ മുഴുവൻ തുകയും അക്കൗണ്ടിലേക്ക് ഒഴുകിയെത്തുകയും ചെയ്തു.ഇതോടെ കുഞ്ഞിന് ഉടൻ തന്നെ ജീൻ തെറാപ്പി ചികിത്സ ലഭ്യമാക്കാനുള്ള നടപടികൾ ആരംഭിക്കും.
കാരുണ്യത്തിന്റെ കാര്യത്തിൽ മലയാളികൾ ലോകത്തിന് മുൻപിൽ മാതൃകയാകുന്നത് ഇതാദ്യമല്ല. മുൻപ് നിയമക്കുരുക്കിൽപ്പെട്ട് സൗദി അറേബ്യയിലെ ജയിലിൽ വധശിക്ഷ കാത്തുക്കഴിഞ്ഞിരുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനായി ഭീമമായ 34 കോടി രൂപ ഒരൊറ്റ മനസ്സോടെ മലയാളി സമൂഹം സമാഹരിച്ചത് ലോകത്തെ മുഴുവൻ അത്ഭുതപ്പെടുത്തിയ ചരിത്രമാണ്. ആ വലിയ വിസ്മയത്തിന് ശേഷം, അതേ നന്മയുടെയും ഒരുമയുടെയും തുടർച്ചയാണ് ഇന്ന് കുഞ്ഞു മിയയുടെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിലൂടെ കേരളക്കര വീണ്ടും തെളിയിച്ചിരിക്കുന്നത്.



