ന്യൂഡൽഹി: മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആദ്യ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ സേവാതീർത്ഥിലെ ഓഫീസിൽ വെച്ചായിരുന്നു ഇരുനേതാക്കളും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച നടന്നത്. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥ സംഘവും മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു. ഏകദേശം 20 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടുനിന്നു.
കേരളത്തിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും കേന്ദ്ര സഹായം ആവശ്യമായ പ്രമുഖ പദ്ധതികളും കൂടിക്കാഴ്ചയിൽ ചർച്ചയായതായാണ് വിവരം. റെയിൽവേ വികസനം, പ്രമുഖ തുറമുഖ പദ്ധതികൾ, എയിംസ്, മെട്രോ റെയിൽ വിപുലീകരണം തുടങ്ങിയ കേരളത്തിന്റെ സ്വപ്ന പദ്ധതികൾക്ക് കേന്ദ്ര സർക്കാരിന്റെ പൂർണ്ണ പിന്തുണയും സഹായവും ഉറപ്പാക്കുക എന്നതായിരുന്നു ഈ കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം.
തുടർസന്ദർശനങ്ങളുടെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് ശേഷം ധനമന്ത്രി നിർമല സീതാരാമനുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. നാളെ ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള ചർച്ചകൾക്ക് ശേഷമാകും മുഖ്യമന്ത്രിയും സംഘവും കേരളത്തിലേക്ക് മടങ്ങുക. കേരളത്തിന് അർഹമായ കേന്ദ്ര വിഹിതവും വികസന പദ്ധതികളും നേടിയെടുക്കുന്നതിൽ ഈ ഡൽഹി സന്ദർശനം ഏറെ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.



