റോം– ഇറ്റലിയിലെ ബെർഗാമോ പ്രവിശ്യയിലുണ്ടായ വെടിവെപ്പിൽ രണ്ട് ഇന്ത്യൻ വംശജർ കൊല്ലപ്പെട്ടു. കോവോ എന്ന സ്ഥലത്ത് വെച്ച് രജീന്ദർ സിങ് (48), ഗുർമീത് സിങ് (48) എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈശാഖി ആഘോഷങ്ങളിൽ പങ്കെടുത്ത ശേഷം മാതാ സാഹിബ് കൗർ ജി ഗുരുദ്വാരയിൽ നിന്ന് മടങ്ങുന്നതിനിടെയാണ് ഇവർക്ക് നേരെ ആക്രമണമുണ്ടായത്. അക്രമി ഇവർക്ക് നേരെ പലതവണ വെടിയുതിർത്ത ശേഷം കാറിൽ രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിൽ മറ്റൊരാൾക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്. ഇതൊരു ആസൂത്രിത കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പെട്ടെന്നുണ്ടായ പ്രകോപനമല്ല, മറിച്ച് നേരത്തെ തീരുമാനിച്ചുറപ്പിച്ച പ്രകാരമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് കരുതുന്നു. കൊലയാളി ഒരു ഇന്ത്യൻ വംശജനാണെന്നും ഇയാൾ സ്ഥിരമായി ഈ ഗുരുദ്വാരയിൽ വരാറുള്ള വ്യക്തിയാണെന്നും ദൃക്‌സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. പ്രതിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.



