ന്യൂഡൽഹി- മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരത്തിനിടെ നേതാക്കളെ കസ്റ്റഡിയിലെടുത്ത് പോലീസ്. പോലീസ് അനുമതി നിഷേധിച്ച് സമരം നടത്തിയെന്നാരോപിച്ചാണ് നേതാക്കൾക്കെതിരെ നടപടി. മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി.
യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ഷിബു മീരാൻ, എം എസ് എഫ് ദേശീയ പ്രസിഡന്റ് പി വി അഹമ്മദ് സാജു എന്നിവരുൾപ്പെടെയുള്ള പ്രമുഖ നേതാക്കളാണ് പോലീസിന്റെ കസ്റ്റഡിയിലായത്. യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സാജിദ് നടുവണ്ണൂർ, എക്സിക്യൂട്ടിവ് അംഗം എം പി അബ്ദുൽ അസീസ്, ഹരിയാന സംസ്ഥാന ജനറൽ സെക്രട്ടറി ഉവൈസ് അഹ്മദ് ചൗധരി, ഡൽഹി കെ എം സി സി ജനറൽ സെക്രട്ടറി മുഹമ്മദ് ഹലിം എന്നിവരടക്കമുള്ള നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുംഹരിയാനയിലെ പ്രവർത്തകരും കസ്റ്റഡിയിലാണ്. യൂത്ത് ലീഗ് യു.പി പ്രസിഡന്റ് അസ്സറുദ്ദീൻ ചൗദരി വീട്ടുതടങ്കലിലാണ്. കേന്ദ്ര സർക്കാരിന്റെ ഈ അടിച്ചമർത്തൽ നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധമുയർത്താൻ യൂത്ത് ലീഗ് – എം എസ് എഫ് ദേശീയ കമ്മറ്റികൾ ആഹ്വാനം ചെയ്തു. ഡൽഹിയിൽ ഇന്റർനെറ്റ് സൗകര്യം സർക്കാർ വിച്ഛേദിച്ചാണ് സമരം വ്യാപിക്കുന്നത് തടയാൻ സർക്കാർ ശ്രമിക്കുന്നത്. ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് രാജ്യവ്യാപക പ്രക്ഷോഭം തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







