ന്യൂദൽഹി: തൃണമൂൽ കോൺഗ്രസ് എംപിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ യൂസഫ് പത്താനെതിരെ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ച് പാർട്ടി സഹപ്രവർത്തകയും എംപിയുമായ മഹുവ മൊയ്ത്ര. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആവശ്യപ്പെട്ടതനുസരിച്ചാണോ യൂസഫ് പത്താൻ ദൽഹിയിലേക്ക് തിടുക്കപ്പെട്ട് പോയതെന്ന് തന്റെ എക്സ് ഹാൻഡിലിലൂടെ മഹുവ മൊയ്ത്ര ചോദിച്ചു.
ഇന്ത്യക്ക് വേണ്ടി കളിച്ച ഒരു കായികതാരമാണെന്ന ബോധ്യം പത്താനുണ്ടായിരിക്കണം. മണ്ഡലത്തിലെ ജനങ്ങൾ വലിയ ഭൂരിപക്ഷത്തിലാണ് പത്താനെ വിജയിപ്പിച്ചത്. അല്പമെങ്കിലും നാണവും ധൈര്യവും കാണിക്കാൻ പത്താൻ തയ്യാറാകണം.
2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ടിക്കറ്റിലാണ് പ്രതിപക്ഷ മുന്നണിയുടെ ഭാഗമായി ഇവർ വിജയിച്ചത്. ഈ ജനവിധി എൻഡിഎയ്ക്ക് അനുകൂലമായുള്ളതല്ലെന്നും മഹുവ കൂട്ടിച്ചേർത്തു. സ്വാർത്ഥരും അത്യാഗ്രഹികളുമായ എല്ലാ വഞ്ചകരും ഇപ്പോൾ തന്നെ ബിജെപിയിൽ ചേരാൻ തയ്യാറാവുകയാണെങ്കിൽ, തങ്ങളുടെ എംപി സ്ഥാനം രാജിവെച്ച് ബിജെപി ടിക്കറ്റിൽ മത്സരിച്ച് ജയിച്ചു കാണിക്കാൻ മഹുവ മൊയ്ത്ര വെല്ലുവിളിച്ചു. അപ്പോഴറിയാം ആരൊക്കെയാണ് യഥാർത്ഥ നായകന്മാരെന്ന് അവർ കുറിച്ചു. പ്രതിപക്ഷ നിരയിലെ രാഷ്ട്രീയ നീക്കങ്ങളെ ചൊല്ലി തൃണമൂൽ കോൺഗ്രസിനുള്ളിൽ പുകയുന്ന അസ്വാരസ്യങ്ങളാണ് മഹുവയുടെ പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്.



