റാമല്ല- പലസ്തീൻ അഭയാർത്ഥികളുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ-പുനരധിവാസ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എയ്ക്ക് ഇന്ത്യ 25 ലക്ഷം യു.എസ്. ഡോളർ (ഏകദേശം 21 കോടിയിലധികം രൂപ) കൈമാറി. 2026-27 വർഷത്തേക്കുള്ള ഇന്ത്യയുടെ വാർഷിക വിഹിതമായ 5 മില്യൺ ഡോളറിന്റെ ഭാഗമായാണ് ഈ തുക നൽകിയത്.
പലസ്തീൻ അഭയാർത്ഥികൾക്കായി ഏജൻസി നടപ്പിലാക്കുന്ന വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രധാന പദ്ധതികൾക്കും സേവനങ്ങൾക്കും ഈ ധനസഹായം വിനിയോഗിക്കും.
റമല്ലയിൽ നടന്ന ചടങ്ങിൽ പലസ്തീനിലെ ഇന്ത്യൻ പ്രതിനിധി മഹിമ സിക്കന്ദ്, യു.എൻ.ആർ.ഡബ്ല്യു.എ സീനിയർ ഫിനാൻസ് അസിസ്റ്റന്റ് ഖാലിദ് ഹിന്ദ്യേയ്ക്ക് ധനസഹായം കൈമാറി. മേഖലയിലെ പലസ്തീൻ അഭയാർത്ഥികളുടെ ക്ഷേമത്തിനായുള്ള ഏജൻസിയുടെ പ്രവർത്തനങ്ങൾക്ക് ഇന്ത്യയുടെ തുടർച്ചയായ പിന്തുണയുണ്ടാകുമെന്ന് മഹിമ സിക്കന്ദ് വ്യക്തമാക്കി. സാമ്പത്തിക സഹായത്തിന് പുറമെ മാനുഷിക സഹായങ്ങളും മരുന്നുകളും നൽകുന്നത് തുടരുമെന്നും അവർ അറിയിച്ചു. യു.എൻ.ആർ.ഡബ്ല്യു.എയ്ക്ക് ഇന്ത്യ നൽകിവരുന്ന ദീർഘകാലമായുള്ള രാഷ്ട്രീയവും സാമ്പത്തികവുമായ പിന്തുണയ്ക്ക് ഖാലിദ് ഹിന്ദ്യേ നന്ദി രേഖപ്പെടുത്തി.



