ന്യൂദൽഹി: ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും ജനങ്ങളുടെ ജീവനപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുമായി ഇന്ത്യ (INDIA) സഖ്യത്തിനുള്ളിൽ ശക്തമായ ഐക്യം കെട്ടിപ്പടുക്കാൻ പ്രതിപക്ഷ നേതാക്കൾ തീരുമാനിച്ചു. ദൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ ഇന്ന് (തിങ്കളാഴ്ച) ചേർന്ന സഖ്യത്തിന്റെ നിർണായക യോഗത്തിലാണ് കേന്ദ്ര സർക്കാരിനെതിരെ ശക്തമായ സംയുക്ത നീക്കങ്ങൾക്ക് രൂപം നൽകിയത്. സഖ്യകക്ഷികൾക്കിടയിൽ ചില അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കൾ ഒത്തുചേർന്നത്. വോട്ട് ചോരണവും തെരഞ്ഞെടുപ്പ് അട്ടിമറിയും സംബന്ധിച്ച് ചീഫ് ജസ്റ്റിസിന് കത്തയക്കാനും വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെടാനും യോഗത്തിൽ ഐകകണ്ഠ്യേന തീരുമാനമായി. ചീഫ് ജസ്റ്റിസിനുള്ള കത്ത് ഉടൻ കൈമാറും.
രാജ്യം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ, വിലക്കയറ്റം, കർഷകരുടെ പ്രശ്നങ്ങൾ, സാധാരണക്കാർക്കെതിരെയുള്ള അതിക്രമങ്ങൾ എന്നിവ ചർച്ച ചെയ്യുന്നതിനായി കേന്ദ്ര സർക്കാർ അടിയന്തരമായി സർവകക്ഷി യോഗം വിളിച്ചുചേർക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. സഖ്യത്തിന്റെ പ്രവർത്തനം കൂടുതൽ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി ഇനി മുതൽ എല്ലാ രണ്ടു മാസം കൂടുമ്പോഴും യോഗം ചേരാൻ ധാരണയായിട്ടുണ്ട്. അടുത്ത യോഗം ഹൈദരാബാദിൽ വെച്ചായിരിക്കും നടക്കുക. വരാനിരിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ശക്തമായ സംയുക്ത പ്രതിപക്ഷ ഏകോപനം ഉറപ്പാക്കാനും തീരുമാനിച്ചു. ഇതിനായി പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ ദിവസവും രാവിലെ പാർലമെന്ററി കക്ഷികളുടെ യോഗം ചേരും.
കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്, നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള, മുസ്ലിം ലീഗ് നേതാവ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി എന്നിവരും വിവിധ ഇടതുപക്ഷ നേതാക്കളും യോഗത്തിൽ പങ്കെടുത്തു. എൻ.സി.പി (ശരദ് പവാർ വിഭാഗം) നേതാവ് സുപ്രിയ സുലെ, സി.പി.എം നേതാവ് ജോൺ ബ്രിട്ടാസ്, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ എന്നിവരും ചർച്ചകളുടെ ഭാഗമായി. ശിവസേന (ഉദ്ധവ് വിഭാഗം) തലവൻ ഉദ്ധവ് താക്കറെ യോഗത്തിൽ ഓൺലൈനായാണ് പങ്കെടുത്തത്.
അതേസമയം, ഡി.എം.കെ, ആം ആദ്മി പാർട്ടി (എ.എ.പി) എന്നീ കക്ഷികൾ സഖ്യം വിട്ടതിനാൽ ഈ ചർച്ചകളിൽ പങ്കെടുത്തില്ല. ടി.വി.കെയും യോഗത്തിൽ നിന്ന് വിട്ടുനിന്നു. നിലവിൽ പാർലമെന്റിൽ അംഗങ്ങളുള്ള പാർട്ടികളെയും ഇന്ത്യ സഖ്യത്തിന്റെ ആദ്യ രൂപീകരണത്തിൽ പങ്കാളികളായിരുന്നവരെയുമാണ് യോഗത്തിലേക്ക് ക്ഷണിച്ചിരുന്നതെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ തുടങ്ങിയ പ്രാദേശിക പാർട്ടികൾക്കുണ്ടായ തിരിച്ചടികളുടെ പശ്ചാത്തലത്തിൽ, ആഭ്യന്തര ഭിന്നതകൾ പരിഹരിക്കാനും ബി.ജെ.പിക്കെതിരെ പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കാനുമാണ് യോഗത്തിൽ നേതാക്കൾ പ്രാധാന്യം നൽകിയത്.



