ഭോപ്പാൽ: 2028-ലെ സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായുള്ള റോഡ് വീതികൂട്ടൽ പദ്ധതിയുടെ ഭാഗമായി ഷാഹി മസ്ജിദിന്റെ ചില ഭാഗങ്ങൾ പൊളിക്കാൻ തീരുമാനിച്ച സ്ഥലത്ത് വൻ സംഘർഷം. തിങ്കളാഴ്ച ഉജ്ജയിനിൽ പോലീസും ജനങ്ങളും തമ്മിൽ കടുത്ത ഏറ്റുമുട്ടലുണ്ടായി. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചതായി ദൃശ്യങ്ങളിൽ കാണാം. സംഭവസ്ഥലത്ത് റാപ്പിഡ് ആക്ഷൻ ഫോഴ്സിനെയും വിന്യസിച്ചിട്ടുണ്ട്.
2028-ലെ സിംഹസ്ഥ മേളയ്ക്കിടെ പ്രതീക്ഷിക്കുന്ന വൻ ജനത്തിരക്ക് ഉൾക്കൊള്ളുന്നതിനായി ഉജ്ജയിനിൽ നടപ്പിലാക്കുന്ന വിപുലമായ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഭാഗമാണ് റോഡ് വീതികൂട്ടൽ.
നൂറ്റാണ്ടുകൾ പഴക്കമുള്ള ഷാഹി മസ്ജിദിന്റെ പ്രാർത്ഥനാ ഹാളിന്റെ ഭാഗങ്ങൾ, മിനാരം, അനുബന്ധ നിർമ്മിതികൾ എന്നിവയാണ് ഭാഗികമായി പൊളിച്ചുനീക്കാൻ തീരുമാനിച്ചിരിക്കുന്നത്. വരാനിരിക്കുന്ന സിംഹസ്ഥ മേളയുടെ ഗതാഗത ആവശ്യങ്ങളും പൊതുതാല്പര്യവും കണക്കിലെടുത്ത്, ഉജ്ജയിൻ മുൻസിപ്പൽ കോർപ്പറേഷന്റെ നോട്ടീസുകളെ ചോദ്യം ചെയ്തുള്ള ഹർജികൾ മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വാദം കേൾക്കൽ തിങ്കളാഴ്ച ഇൻഡോർ ഹൈക്കോടതി നിശ്ചയിച്ചിട്ടുണ്ടായിരുന്നു.
മസ്ജിദ് സമുച്ചയം പൊളിക്കുന്നതിനെതിരെ കോൺഗ്രസ് എം.പി ഇമ്രാൻ പ്രതാപ്ഗാർഹി എതിർപ്പ് പ്രകടിപ്പിക്കുകയും ജനവികാരം മാനിക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
റോഡ് വീതികൂട്ടലിന്റെ പേരിൽ ഉജ്ജയിൻ ഷാഹി മസ്ജിദ് പൊളിക്കാനുള്ള ഭരണകൂടത്തിന്റെ നീക്കങ്ങളിൽ കുറച്ചുകൂടി സംവേദനക്ഷമത കാണിക്കേണ്ടതുണ്ട്. വികസനത്തിന്റെയും പുരോഗതിയുടെയും പേരിൽ 600 വർഷം പഴക്കമുള്ള ഒരു പൈതൃക കേന്ദ്രം പൊളിച്ചുനീക്കുന്നത് വിദ്വേഷത്തിന്റെ അറ്റമാണ്. വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ, മസ്ജിദ് വട്ടമിട്ടു വളഞ്ഞ് ഭരണകൂടം എന്തൊരു സന്ദേശമാണ് നൽകാൻ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഉജ്ജയിനിലെ ആയിരക്കണക്കിന് യുവാക്കൾ ഈ വിഷയത്തിൽ തുടർച്ചയായി ശബ്ദമുയർത്തുന്നുണ്ട്. പൊതുജനവികാരങ്ങളെ മാനിച്ച് റോഡ് വീതികൂട്ടാൻ ആവശ്യമായ ഭൂമി മറുഭാഗത്ത് നിന്ന് ഏറ്റെടുക്കണം. ചരിത്രപരമായി വളരെ പ്രാധാന്യമുള്ള ഒരു പൈതൃക കേന്ദ്രം പൊളിച്ചുനീക്കുന്നത് ഒരു കാരണവശാലും സാധാരണ സംഭവമായി കാണാനാകില്ല- എം.പി കൂട്ടിച്ചേർത്തു.
2028-ലെ സിംഹസ്ഥ മേളയ്ക്ക് മുന്നോടിയായി ഉജ്ജയിനിലെ റോഡ് വീതികൂട്ടൽ പദ്ധതിയുടെ ഭാഗമായി ആകെ 272 കെട്ടിടങ്ങളാണ് പൊളിച്ചുനീക്കാൻ അടയാളപ്പെടുത്തിയിരിക്കുന്നത്. “2028-ൽ ഉജ്ജയിൻ സിംഹസ്ഥ മേളയ്ക്ക് ആതിഥേയത്വം വഹിക്കും. ക്ഷിപ്ര നദിയുടെ തീരത്ത് 12 വർഷത്തിലൊരിക്കൽ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സംഗമങ്ങളിലൊന്നാണിത്. നഗരം മെച്ചപ്പെടുത്തുന്നതിനായി ഏകദേശം 29 കിലോമീറ്റർ നീളമുള്ള പുതിയ ഘാട്ടുകൾ (കടവുകൾ), ഡൈവേർഷൻ പദ്ധതികൾ, അണക്കെട്ടുകൾ, മറ്റ് അടിസ്ഥാന സൗകര്യ വികസനങ്ങൾ എന്നിവയുൾപ്പെടെയുള്ള വൻ തയ്യാറെടുപ്പുകളാണ് നടക്കുന്നത്. ദശലക്ഷക്കണക്കിന് തീർത്ഥാടകരെ പ്രതീക്ഷിക്കുന്നതിനാൽ റോഡ് വീതികൂട്ടൽ അത്യാവശ്യമായി മാറിയിരിക്കുകയാണെനനും അവർ പറഞ്ഞു.







