ന്യൂഡല്‍ഹി– സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം വിരമിച്ച ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇതുവരെ ഔദ്യോഗിക വസതി ഒഴിഞ്ഞ് കൊടുത്തില്ല. ഒഴിപ്പിക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടിയിരിക്കുകയാണിപ്പോള്‍. ജസ്റ്റിസ് ചന്ദ്രചൂഡിന് അനുവദിച്ച ബംഗ്ലാവ് എത്രയും വേഗം ഒഴിപ്പിച്ച് സുപ്രീം കോടതിക്ക് തിരിച്ചേല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതി ഭരണ വിഭാഗം കേന്ദ്ര പാര്‍പ്പിട, നഗരകാര്യ മന്ത്രാലയത്തിന് കത്തയച്ചു.
2024 നവംബര്‍ 10നാണ് ജസ്റ്റിസ് ചന്ദ്രചൂഡ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് വിരമിച്ചത്. സര്‍ക്കാര്‍ നിയമ പ്രകാരം ചീഫ് ജസ്റ്റിസിന് ടൈപ്പ് VIII ബംഗ്ലാവ് ആണ് അനുവദിക്കുക. വിരമിച്ച ശേഷം ഈ ഔദ്യോഗിക ബംഗ്ലാവില്‍ വാടക ഇല്ലാതെ പരമാവധി ആറ് മാസം വരെ തങ്ങാം. എന്നാല്‍ വിരമിച്ച് എട്ടു മാസത്തോളം കഴിഞ്ഞിട്ടും ഇതുവരെ ജസ്റ്റിസ് ചന്ദ്രചൂഡ് ബംഗ്ലാവ് ഒഴിയാത്തതിനെ തുടര്‍ന്നാണ് സുപ്രീം കോടതി ഭരണവിഭാഗം ഒഴിപ്പിക്കാന്‍ ശ്രമങ്ങളാരംഭിച്ചത്. കൃഷ്ണ മേനോന്‍ മാര്‍ഗിലെ അഞ്ചാം നമ്പര്‍ ബംഗ്ലാവിലാണ് ജസ്റ്റിസ് ചന്ദ്രചൂഡ് കഴിയുന്നത്. പിന്‍ഗാമിയായ വന്ന മുന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും പിന്നീടു വന്ന ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയും ചീഫ് ജസ്റ്റിസിനായുള്ള ഈ വസതിയിലേക്ക് താമസം മാറിയിട്ടില്ല. ജസ്റ്റിസ് ചന്ദ്രചൂഡിനെ ഉടന്‍ ഒഴിപ്പിച്ച് ബംഗ്ലാവ് തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് ജൂലൈ ഒന്നിനാണ് സുപ്രീം കോടതി കേന്ദ്ര പാര്‍പ്പിട കാര്യ മന്ത്രാലയത്തിന് കത്തയച്ചത്.
വ്യക്തിപരമായ കാരണങ്ങളാലാണ് താമസം മാറാന്‍ വൈകിയതെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പ്രതികരിച്ചു. സര്‍ക്കാര്‍ ബംഗ്ലാവില്‍ ഇനിയും തങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്നും വസ്തുക്കളെല്ലാം പാക്ക് ചെയ്ത് മാറാനിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭിന്നശേഷിക്കാരായ തന്റെ രണ്ടു വളര്‍ത്തു മക്കളുടെ പ്രത്യേക ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ വീട് കണ്ടെത്താന്‍ കഴിയാത്തതാണ് താമസം മാറാന്‍ വൈകിയത്. ഫെബ്രുവരി മുതല്‍ വീട് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. സര്‍വീസ് അപാര്‍ട്ട്‌മെന്റുകളും ഹോട്ടലുകളും നോക്കിയെങ്കിലും ഒന്നും നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഔദ്യോഗിക ബംഗ്ലാവിലെ താമസം ജൂണ്‍ 30 വരെ നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ചന്ദ്രചൂഡ് മുന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നക്ക് കത്തെഴുതിയിരുന്നു. എന്നാല്‍ മറുപടി ലഭിച്ചില്ല. ഈ ആവശ്യം ഉന്നയിച്ച് മൂന്ന് തവണ കത്ത് നല്‍കിയിരുന്നു. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയോട് സംസാരിച്ചിരുന്നുവെന്നും ഉടന്‍ വീട് കണ്ടെത്തി മാറുമെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നതായും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.