അജ്മീർ– രാജസ്ഥാനിലെ ടോങ്ക് ജില്ലയിൽ നടന്ന ബ്ലാങ്കറ്റ് വിതരണ ചടങ്ങിനിടെ, ഒരു സ്ത്രീ മുസ്‌ലിമാണെന്ന് അറിഞ്ഞപ്പോൾ നൽകിയ ബ്ലാങ്കറ്റ് ബി.ജെ.പി മുൻ എം.പി സുഖ്ബീർ സിങ്ങ് ജൗനാപുരിയ തിരികെ വാങ്ങിയതായി പരാതി. സംഭവത്തിൽ ബി.ജെ.പി നേതാവിനെതിരെ കോൺഗ്രസ് രംഗത്തെത്തി. രാജസ്ഥാൻ പ്രതിപക്ഷ നേതാവ് തിക്കാറാം ജൂലിയാണ് ഈ നടപടിക്കെതിരെ പരാതി ഉന്നയിച്ചത്.
ടോങ്ക് ജില്ലയിലെ കരേദ ഗ്രാമത്തിൽ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അജ്മീർ സന്ദർശനത്തിന് ആളുകളെ ക്ഷണിക്കുന്നതിന്റെ ഭാഗമായാണ് മുൻ എം.പി ബ്ലാങ്കറ്റ് വിതരണം സംഘടിപ്പിച്ചത്. ഗുണഭോക്താവായ സ്ത്രീയുടെ പേര് ചോദിച്ചറിഞ്ഞ നേതാവ്, അവർ മുസ്‌ലിമാണെന്ന് മനസ്സിലാക്കിയ ഉടൻ കൈമാറിയ ബ്ലാങ്കറ്റ് ബലമായി തിരികെ വാങ്ങുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പ്രധാനമന്ത്രിയെ അപമാനിക്കുന്നവർക്ക് ബ്ലാങ്കറ്റ് നൽകാനാവില്ലെന്ന് സുഖ്ബീർ സിങ്ങ് വീഡിയോയിൽ പറയുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഒരു ജനപ്രതിനിധിയായിരുന്ന വ്യക്തിയിൽ നിന്ന് ഇത്തരമൊരു വിവേചനം ഉണ്ടായത് പ്രതിഷേധാർഹമാണെന്ന് കോൺഗ്രസ് വ്യക്തമാക്കി. മതത്തിന്റെ പേരിൽ പാവപ്പെട്ട സ്ത്രീയെ പരസ്യമായി അപമാനിച്ച നടപടിക്കെതിരെ കർശന നടപടി വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.



