ലഖ്‌നൗ: ഉത്തർപ്രദേശിൽ കാണാതായ യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഫത്തേപൂർ സ്വദേശിയായ വിജയ് നിഷാദ് എന്ന യുവാവിനെ കാമുകിയും ഭർത്താവും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി. മൃതദേഹം കഷ്ണങ്ങളാക്കി നശിപ്പിച്ച ശേഷം തെളിവുകൾ ഇല്ലാതാക്കാൻ ദമ്പതികൾ യൂട്യൂബ് വീഡിയോകളുടെ സഹായം തേടിയതായും പോലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കിരൺ ദേവി, ഭർത്താവ് കംത പ്രസാദ് നിഷാദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മെയ് 8-നാണ് വിജയ് നിഷാദിനെ കാണാതാകുന്നത്. യുവാവ് വീട്ടിൽ തിരിച്ചെത്താതിനെ തുടർന്ന് മെയ് 11-ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലും ഫോൺ റെക്കോർഡുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലുമാണ് കിരൺ ദേവിയെയും ഭർത്താവിനെയും കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത്. സംശയം തോന്നി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ദമ്പതികൾ കുറ്റം സമ്മതിക്കുകയായിരുന്നു.
കിരൺ ദേവിയും കൊല്ലപ്പെട്ട വിജയ്‌യും തമ്മിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രണയത്തിലായിരുന്നു. ഈ വിവരമറിഞ്ഞ ഭർത്താവ് കംത പ്രസാദ് ഭാര്യയുമായി ചേർന്ന് വിജയ്‌യെ വകവരുത്താൻ ആസൂത്രിതമായി പദ്ധതി തയ്യാറാക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. പദ്ധതിയനുസരിച്ച് കിരൺ ദേവി വിജയ്‌യെ തങ്ങളുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ഇവിടെ വെച്ച് ഒളിച്ചിരുന്ന കംത പ്രസാദ് വിജയ്‌യെ ആക്രമിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു.
കൊലപാതകത്തിന് ശേഷം മൃതദേഹം ചാക്കിലാക്കി മാറ്റാനായിരുന്നു പ്രതികളുടെ ആദ്യ ശ്രമം. എന്നാൽ ഇത് നടക്കാതെ വന്നതോടെ ഇവർ ഒരു വാളും ഗ്രൈൻഡർ ബ്ലേഡും ഉപയോഗിച്ച് മൃതദേഹം പല കഷ്ണങ്ങളാക്കി മുറിക്കുകയായിരുന്നു. തുടർന്ന് അയൽ ജില്ലയായ കാൺപൂർ നഗറിലെ വനമേഖലയിൽ എത്തിച്ച് മൃതദേഹാവശിഷ്ടങ്ങൾ തീയിട്ടു നശിപ്പിച്ചു. തിരിച്ചറിയാതിരിക്കാൻ വിജയ്‌യുടെ മൊബൈൽ ഫോൺ, പാൻ കാർഡ്, എടിഎം കാർഡ്, ഷൂസ് എന്നിവ വിവിധ സ്ഥലങ്ങളിലായി ഉപേക്ഷിക്കുകയും ചെയ്തു.
പ്രതികളുടെ മൊബൈൽ ഫോണുകൾ പരിശോധിച്ച പോലീസിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. കൊലപാതകത്തിന് ശേഷം തെളിവുകൾ എങ്ങനെ നശിപ്പിക്കാം എന്നറിയാൻ ഇവർ വ്യാപകമായി ഇന്റർനെറ്റിലും യൂട്യൂബിലും തിരച്ചിൽ നടത്തിയിരുന്നു. കൊലപാതകക്കേസുകളിലെ പോലീസ് അന്വേഷണ രീതികൾ, കൊലപാതകത്തിനുള്ള ശിക്ഷകൾ, ജയിൽ സംവിധാനം, വധശിക്ഷ, മൃതദേഹം സംസ്കരിക്കേണ്ട രീതികൾ, കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന സ്ത്രീകൾ നേരിടുന്ന നിയമനടപടികൾ തുടങ്ങിയ കാര്യങ്ങളാണ് ഇവർ പ്രധാനമായും ഗൂഗിളിലും യൂട്യൂബിലും തിരഞ്ഞത്.
പ്രതികളുടെ മൊഴി പ്രകാരം സംഭവസ്ഥലത്തുനിന്ന് ശരീര അവശിഷ്ടങ്ങൾ, കത്തിക്കരിഞ്ഞ വസ്ത്രങ്ങൾ, തകർത്ത മൊബൈൽ ഫോണിന്റെ ഭാഗങ്ങൾ, കൊലപാതകത്തിന് ഉപയോഗിച്ച സോ, ഗ്രൈൻഡർ ബ്ലേഡ്, ബൈക്ക് എന്നിവ പോലീസ് കണ്ടെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



