ന്യൂഡൽഹി: ബിൽക്കിസ് ബാനു കേസിൽ ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷ സുപ്രീം കോടതി മരവിപ്പിക്കുകയും ഇവർക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു. ഇരുവരും ഇതിനോടകം 17 വർഷത്തിലധികം ജയിൽവാസം അനുഭവിച്ചു കഴിഞ്ഞുവെന്നും ഇവരുടെ അപ്പീലിൽ വസ്തുതാപരവും നിയമപരവുമായ വിഷയങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ശിക്ഷയും ജീവപര്യന്തം തടവും ശരിവെച്ച 2017 മെയ് മാസത്തിലെ ബോംബെ ഹൈക്കോടതി വിധിക്കെതിരെ ബിപിൻചന്ദ് ജോഷി, പ്രദീപ് മോദിയ എന്നിവർ നൽകിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. പ്രതികളിലൊരാളായ ജോഷി ഗുരുതരമായ ശാരീരിക വൈകല്യമുള്ളയാളാണെന്ന വസ്തുതയും ജാമ്യം അനുവദിക്കവെ ബെഞ്ച് പരിഗണിച്ചു.
കുറ്റകൃത്യത്തിന്റെ ഗൗരവവും വിചാരണക്കോടതിയുടെയും ഹൈക്കോടതിയുടെയും സമാനമായ കണ്ടെത്തലുകളും ചൂണ്ടിക്കാട്ടി സർക്കാർ അഭിഭാഷകൻ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു. എന്നാൽ, പ്രതികളിലൊരാളുടെ പേര് ആദ്യം രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ (FIR) ഉണ്ടായിരുന്നില്ലെന്നും, കുറ്റകൃത്യം നടന്ന് ഏകദേശം മൂന്ന് വർഷത്തിന് ശേഷമാണ് ഇയാളെ കേസിൽ ഉൾപ്പെടുത്തിയതെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു.
കഴിഞ്ഞ മാർച്ചിലാണ് ഇവരുടെ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നത്. ബലാത്സംഗ ആരോപണങ്ങളുമായി ബന്ധപ്പെട്ട് അതിജീവിത പോലീസിന് നൽകിയ മൊഴിയിലോ വൈദ്യപരിശോധനയ്ക്കിടെ ഡോക്ടർക്ക് മുന്നിൽ നൽകിയ മൊഴിയിലോ ഈ രണ്ട് ഹർജിക്കാരുടെയും പേര് പറഞ്ഞിട്ടില്ലെന്ന് നേരത്തെ നടന്ന വാദത്തിനിടെ പ്രതിഭാഗം അഭിഭാഷകൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇരുവരും നേരിട്ട് കുറ്റകൃത്യത്തിൽ ഏർപ്പെട്ടതിന് തെളിവുകളില്ലെന്നും, സംഭവസമയത്ത് ജനക്കൂട്ടത്തിൽ ഉണ്ടായിരുന്നിരിക്കാം എന്നത് മാത്രമാണ് ഇവർക്കെതിരെയുള്ള ഏക തെളിവെന്നും അഭിഭാഷകൻ വാദിച്ചു.
2024 ജനുവരിയിൽ സുപ്രീം കോടതി ശിക്ഷാ ഇളവ് റദ്ദാക്കിയ 11 പ്രതികളിൽ ഉൾപ്പെട്ടവരാണ് ഇപ്പോൾ ജാമ്യം ലഭിച്ച ഈ രണ്ട് പേരും.



