ന്യൂദൽഹി: പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമ സംഭവങ്ങളിൽ ഇരയായ കുടുംബങ്ങളെ സന്ദർശിക്കുന്നതിനിടെ തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്ക് നേരെ ആക്രമണം. സൗത്ത് 24 പർഗാനാസിലെ സോനാർപൂർ സൗത്തിൽ വെച്ചാണ് അഭിഷേക് ബാനർജിക്ക് മർദനമേറ്റതും കല്ലേറുണ്ടായതുമെന്ന് പോലീസ് അറിയിച്ചു. അജ്ഞാതരായ ഒരു സംഘം ആളുകൾ അദ്ദേഹത്തിന് നേരെ കല്ലുകളും മുട്ടകളും ചെരിപ്പുകളും എറിയുകയും “കള്ളൻ” എന്ന് വിളിച്ച് മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
ആക്രമണത്തിൽ നിന്ന് രക്ഷപെടാൻ സുരക്ഷാ ജീവനക്കാർ അദ്ദേഹത്തെ പോലീസ് ഹെൽമെറ്റ് ധരിപ്പിച്ചാണ് അവിടെനിന്നും മാറ്റിയത്. അക്രമത്തിനിടയിൽ അദ്ദേഹത്തിന്റെ കുപ്പായം കീറിപ്പോവുകയും കണ്ണട പൊട്ടുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ കൊല്ലപ്പെട്ട തൃണമൂൽ പ്രവർത്തകൻ സഞ്ജു കർമാകറിന്റെ കുടുംബാംഗങ്ങളെയും അക്രമത്തിന് ഇരയായ മറ്റുള്ളവരെയും കാണാനാണ് ഡയമണ്ട് ഹാർബറിൽ നിന്നുള്ള എംപി കൂടിയായ അഭിഷേക് എത്തിയത്.
സംഭവത്തിന് പിന്നിൽ ബിജെപിയാണെന്ന് അഭിഷേക് ബാനർജി ആരോപിച്ചു. “ഇത് പൂർണ്ണമായും ബിജെപി സ്പോൺസർ ചെയ്ത ആക്രമണമാണ്. അവരുടെ ജനാധിപത്യത്തിന്റെ മാതൃകയാണിത്. തിരഞ്ഞെടുപ്പ് ഫലം വന്നിട്ട് ഒരു മാസം പോലും ആയില്ല, ഇവിടെ പോലീസിനെ കാണാനില്ല. അവർ എന്നെ കൊല്ലാനാണ് ശ്രമിച്ചത്. ഈ സംഭവം മുഴുവൻ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഞങ്ങൾ ഇക്കാര്യം ഹൈക്കോടതിയെയും ഗവർണറെയും അറിയിക്കും. ഞാൻ തീർച്ചയായും കോടതിയെ സമീപിക്കും,” അഭിഷേക് ബാനർജി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, വ്യാജ ഒപ്പ് രേഖപ്പെടുത്തിയതുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ജൂൺ 1-ന് കൊൽക്കത്തയിലെ സിഐഡി ആസ്ഥാനത്ത് ഹാജരാകാൻ ബംഗാൾ സിഐഡി അദ്ദേഹത്തിന് നോട്ടീസ് അയച്ചിട്ടുണ്ട്. കേന്ദ്ര ഏജൻസികൾക്ക് പുറമെ ഇപ്പോൾ സംസ്ഥാന പോലീസിനെയും ഉപയോഗിച്ച് തന്നെ ഭയപ്പെടുത്താനാണ് ശ്രമമെന്നും, എന്നാൽ ഇത്തരം ഭീഷണികൾക്ക് മുന്നിൽ താൻ വഴങ്ങില്ലെന്നും അഭിഷേക് വ്യക്തമാക്കി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ ഈ ആക്രമണത്തെ ശക്തമായി അപലപിച്ചു.



