മസ്‌കത്ത്- ഈ ആഴ്ച ഒമാൻ തീരത്തു വെച്ച് അൽഗായ എന്ന് പേരുള്ള എണ്ണ ടാങ്കർ ആക്രമിച്ചത് ഇറാനാണെന്നും ഡ്രോൺ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും യു.എസ് സൈന്യം വ്യക്തമാക്കി. ടാങ്കർ മൈനിൽ ഇടിക്കുകയായിരുന്നെന്ന ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ അവകാശവാദം യു.എസ് സൈന്യം തള്ളക്കളഞ്ഞു. അൽഗായ ടാങ്കർ കടൽ മൈനിൽ ഇടിച്ചുവെന്ന റെവല്യൂഷണറി ഗാർഡിന്റെ വാദം തെറ്റാണ്. ഡ്രോൺ ഉപയോഗിച്ചാണ് ടാങ്കറിനു നേരെ ആക്രമണം നടത്തിയത്. മേഖലയിലെ സമുദ്ര ഗതാഗതവുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഹോർമുസ് കടലിടുക്കിലെ വാണിജ്യ കപ്പൽ ഗതാഗതം തടസ്സപ്പെടുത്താൻ ഇറാൻ റെവല്യൂഷണറി ഗാർഡ് ശ്രമിക്കുന്നതായി യു.എസ് സൈന്യം ആരോപിച്ചു.
അതേസമയം, ഹോർമുസ് കടലിടുക്കിന് തെക്ക് നിരോധിത പ്രദേശം കടക്കാൻ ശ്രമിക്കുന്നതിനിടെ കടൽ മൈനുകളിൽ ഇടിച്ച് സൂപ്പർ ടാങ്കർ അൽഗായയിൽ സ്ഫോടനമുണ്ടാവുകയായിരുന്നെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് അറിയിച്ചു. ടാങ്കറിൽ തീ ആളിപ്പടർന്നു. ടാങ്കറിലെ തീ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. തീ മുഴുവൻ കപ്പലിനെയും വിഴുങ്ങിയതായും റെവല്യൂഷണറി ഗാർഡിന്റെ നാവിക കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു. നിയമവിരുദ്ധമായ ഈ പ്രദേശത്തുകൂടി കടന്നുപോകുന്നതിന്റെ അപകടങ്ങളെ കുറിച്ച് റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകി. നിയമവിരുദ്ധമായ ഈ പാതയുടെ അപകടങ്ങളെ കുറിച്ച് ഞങ്ങൾ മുമ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് അടച്ചിട്ടിരിക്കുന്നു. ഹോർമുസ് ഇപ്പോഴും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും റെവല്യൂഷണറി ഗാർഡ് പറഞ്ഞു. അൽഗായ എണ്ണ ടാങ്കറിനു നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യൻ ജീവനക്കാരനെ കാണാതായതായും 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായും കാണാതായ ജീവനക്കാരനായുള്ള തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്നും ഇന്ത്യൻ വിദേശ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.







