ന്യൂയോര്‍ക്ക് – ഗള്‍ഫ് അറബ് രാജ്യങ്ങള്‍ക്കും ജോര്‍ദാനുമെതിരായ ഇറാന്‍ ആക്രമണങ്ങളെ അപലപിച്ച് ഐക്യരാഷ്ട്രസഭ രക്ഷാ സമിതി പ്രമേയം പാസാക്കി. ഇറാന്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നതായും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും ഭീഷണി സൃഷ്ടിക്കുന്നതായും പ്രമേയം പറഞ്ഞു. പതിനഞ്ചംഗ രക്ഷാ സമിതിയില്‍ 13 വോട്ടുകള്‍ക്ക് പ്രമേയം പാസായി. റഷ്യയും ചൈനയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
സൗദി അറേബ്യ, ബഹ്റൈന്‍, യു.എ.ഇ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, ജോര്‍ദാന്‍ എന്നിവ സമര്‍പ്പിച്ച പ്രമേയം രക്ഷാ സമിതി അംഗീകരിച്ചതിനെ സൗദി അറേബ്യ സ്വാഗതം ചെയ്യുന്നതായി വിദേശ മന്ത്രാലയം പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങള്‍ക്കും ജോര്‍ദാനും എതിരെ ഇറാന്‍ നടത്തിയ ഹീനമായ ആക്രമണങ്ങളെ പ്രമേയം ശക്തമായി അപലപിച്ചു.
റെസിഡന്‍ഷ്യല്‍ ഏരിയകളിലെ ആക്രമണങ്ങളെയും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിടുന്നതിനെയും, തല്‍ഫലമായുണ്ടാകുന്ന സിവിലിയന്‍ മരണങ്ങളെയും, സിവിലിയന്‍ കെട്ടിടങ്ങള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങളെയും അപലപിക്കുന്നതുള്‍പ്പെടെയുള്ള പ്രമേയത്തിലെ വ്യവസ്ഥകളെ സൗദി അറേബ്യ സ്വാഗതം ചെയ്യുന്നതായും വിദേശ മന്ത്രാലയം പറഞ്ഞു. ഈ രാജ്യങ്ങളോടും അവിടങ്ങളിലെ ജനങ്ങളോടും പ്രമേയം ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. ഇറാന്റെ നിയമ ലംഘനങ്ങളും ആക്രമണങ്ങളും ഉടനടി നിരുപാധികമായി അവസാനിപ്പിക്കണമെന്നും, പ്രോക്‌സികളെ ഉപയോഗിച്ചുള്ള ആക്രമണം ഉള്‍പ്പെടെ അയല്‍ രാജ്യങ്ങള്‍ക്കെതിരായ പ്രകോപനവും ഭീഷണിയും അവസാനിപ്പിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.



