അബുദാബി- യുഎഇയിൽ വരും ദിവസങ്ങളിൽ ചൂട് വർധിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (NCM) മുന്നറിയിപ്പ്. വേനൽക്കാലം അടുക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ചയും ചൊവ്വാഴ്ചയും രാജ്യത്ത് താപനിലയിൽ കൂടുതൽ വർധനയുണ്ടാകും. വരും മണിക്കൂറുകളിൽ ആകാശം പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയിരിക്കും. എന്നാൽ തീരപ്രദേശങ്ങളിലും ദ്വീപുകളിലും മേഘാവൃതമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.
രാജ്യത്തെ പൊതുവായ താപനില 24 ഡിഗ്രി സെൽഷ്യസിനും 42 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. ദുബൈയിൽ പരമാവധി 37 ഡിഗ്രി സെൽഷ്യസും അബുദാബിയിൽ 36 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്താൻ സാധ്യതയുണ്ട്. മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വേഗതയിൽ വടക്കുകിഴക്കൻ – വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്നുള്ള കാറ്റ് വീശും. ചില സമയങ്ങളിൽ കാറ്റിന്റെ വേഗത 40 കിലോമീറ്റർ വരെ ഉയരാനും സാധ്യതയുണ്ട്.
കടൽ യാത്രക്കാർക്കും ജാഗ്രതാ നിർദ്ദേശമുണ്ട്. അറേബ്യൻ ഗൾഫിൽ രാവിലെ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെങ്കിലും പിന്നീട് ഇത് ശാന്തമാകും. ഒമാൻ കടലിൽ കടൽ പൊതുവെ ശാന്തമായിരിക്കുമെങ്കിലും ഇടയ്ക്കിടെ തിരമാലകൾ ശക്തമാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.



