ദുബായ്- ഹൂത്തി ആക്രമണത്തിൽ ചെങ്കടലിൽ തകർന്ന ബ്രിട്ടീഷ് കപ്പലിൽനിന്ന് 22 പേരെ യു.എ.ഇ സൈന്യം രക്ഷപ്പെടുത്തി. ജൂലൈ ഏഴിന് ചെങ്കടലിൽ ഹൂത്തി ആക്രമണത്തിന് ഇരയായ ബ്രിട്ടീഷ് പതാകയുള്ള മാജിക് സീസ് എന്ന കപ്പലിൽ നിന്നാണ് ഇത്രയും ജീവനക്കാരെ യു.എ.ഇ രക്ഷിച്ചത്.
അബുദാബി പോർട്ട്സ് ഗ്രൂപ്പ് നടത്തുന്ന യു.എ.ഇയുടെ സഫ ബ്രീസ് കപ്പലിന്റെ അപകട വിവരമറിഞ്ഞ് വേഗത്തിൽ പ്രതികരിക്കുകയും കൃത്യസമയത്ത് സംഭവസ്ഥലത്ത് എത്തുകയും ചെയ്തു. ക്രൂ അംഗങ്ങളും സുരക്ഷാ ജീവനക്കാരും ഉൾപ്പെടെ കപ്പലിലുണ്ടായിരുന്ന എല്ലാവരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി.
യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ)യുമായും മറ്റ് അന്താരാഷ്ട്ര സമുദ്ര സംഘടനകളുമായും സഹകരിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ സ്ഥിരീകരിച്ചു.