ദുബൈ– പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഇന്ത്യന്‍ പതാകയുടെയും ചിത്രങ്ങളാല്‍ മിന്നിത്തിളങ്ങി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബൈയിലെ ബുര്‍ജ് ഖലീഫ. ഡല്‍ഹിയില്‍ സമാപിച്ച എഐ ഇംപാക്ട് ഉച്ചകോടിയിലൂടെ നിര്‍മിത ബുദ്ധി മേഖലയില്‍ ഇന്ത്യയുടെ ഉയര്‍ന്നുവരുന്ന നേതൃത്വത്തെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ബുര്‍ജ് ഖലീഫയിലെ പ്രദര്‍ശനം.
ഡല്‍ഹിയില്‍ ഇന്ന് സമാപിച്ച എഐ ഇംപാക്ട് ഉച്ചകോടിക്ക് പിന്തുണ അറിയിച്ച് കൊണ്ടായിരുന്നു ശ്രദ്ധേയമായ ഈ പ്രദര്‍ശനം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരും ലോക നേതാക്കളും പങ്കെടുക്കുന്ന എഐ ഇംപാക്ട് ഉച്ചകോടി ദില്ലിയില്‍ പുരോഗമിക്കുന്നതിനിടെയാണ് ബുര്‍ജ് ഖലീഫയില്‍ ഇന്ത്യയുടെ ത്രിവര്‍ണ പതാകയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചത്.
ലോകത്തിനായി ഇന്ത്യ രൂപപ്പെടുത്തുന്ന എഐയുടെ ഭാവി എന്ന സന്ദേശവും ഉച്ചകോടിയുടെ പ്രമേയമായ ”എല്ലാവരുടെയും ക്ഷേമം, എല്ലാവരുടെയും സന്തോഷം” എന്ന വാചകവും ബുര്‍ജ് ഖലീഫയില്‍ തെളിഞ്ഞു. എഐ ഇംപാക്ട് ഉച്ചകോടിയുടെ വിശദാംശങ്ങളും ലൈവ് സംപ്രേക്ഷണ വിവരങ്ങളും ഉള്‍പ്പെടുയായിരുന്നു പ്രദര്‍ശനം. ഇന്ത്യയുടെ സാങ്കേതിക വിദ്യകളിലെ മുന്നേറ്റവും മികവും ലോക ശ്രദ്ധയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം കൂടി മുന്‍നിര്‍ത്തിയായിരുന്നു ദൃശ്യവിസ്മയം ഒരുക്കിയത്.
മുന്‍ കൂട്ടി അറിയിക്കാതെ നടന്ന ദൃശ്യാവിഷ്‌കാരത്തിന്റെ വീഡിയോ ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു.



