ഷാര്‍ജ – 17 കിലോഗ്രാമിലധികം വരുന്ന മാരക മയക്കുമരുന്ന് കടത്താൻ ശ്രമിച്ച പ്രതികളെ പിടികൂടി ഷാർജ പോലീസ്.
ഷാര്‍ജ തുറമുഖം, കസ്റ്റംസ് ആന്റ് ഫ്രീ സോണ്‍സ് അതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് ഷാര്‍ജ പോലീസ് രണ്ട് പ്രധാന കൊക്കെയ്ന്‍ കള്ളക്കടത്ത് ശ്രമങ്ങള്‍ വിഫലമാക്കിയത്. രണ്ടു ഓപ്പറേഷനുകളിലുമായി 17 കിലോഗ്രാമിലധികം മയക്കുമരുന്ന് പിടികൂടി. ഡ്രഗ് പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോള്‍ ഡയറക്ടറേറ്റ് വഴി, ഷാര്‍ജ പോലീസ് ജനറല്‍ കമാന്‍ഡ് നാല് രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വലിയ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖലയെയാണ് തകര്‍ത്തത്.
ഈ സംഘം 12 കിലോഗ്രാമിലധികം കൊക്കെയ്ന്‍ യു.എ.ഇയിലേക്ക് കടത്താന്‍ ശ്രമിക്കുകയായിരുന്നു. അയല്‍ ഗള്‍ഫ് രാജ്യം വഴി യു.എ.ഇയില്‍ പ്രവേശിച്ച ഉടന്‍ പ്രാഥമിക പ്രതിയായ ഏഷ്യന്‍ വംശജനെ അറസ്റ്റ് ചെയ്തതായി മയക്കുമരുന്ന് പ്രതിരോധ, നിയന്ത്രണ ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മാജിദ് സുല്‍ത്താന്‍ അല്‍അസം വ്യക്തമാക്കി. മയക്കുമരുന്ന് ശേഖരം യു.എ.ഇയില്‍ സ്വീകരിക്കാനിരുന്ന രണ്ട് ആഫ്രിക്കന്‍ വംശജരെയും കസ്റ്റഡിയിലെടുത്തു.
നാഷണല്‍ ഏര്‍ലി വാണിംഗ് സെന്ററുമായി ഏകോപിപ്പിച്ച അന്വേഷണങ്ങളിലൂടെയും ഇന്റലിജന്‍സ് പ്രവര്‍ത്തനങ്ങളിലൂടെയും, യു.എ.ഇ വിമാനത്താവളം വഴി ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ യാത്ര ചെയ്യുന്ന അതേ രാജ്യക്കാരനായ മറ്റൊരു യാത്രക്കാരനെ ഞങ്ങളുടെ ടീമുകള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞു. രണ്ട് മണിക്കൂറിനുള്ളില്‍ ഞങ്ങള്‍ നാഷണല്‍ ആന്റി-നാര്‍ക്കോട്ടിക്‌സ് ഏജന്‍സിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു. അതിന്റെ ഫലമായി മയക്കുമരുന്ന് എത്തിക്കാന്‍ ശ്രമിച്ച ഗള്‍ഫ് രാജ്യത്തു വെച്ച് അഞ്ച് കിലോഗ്രാം കൊക്കെയ്ന്‍ കൂടി പിടിച്ചെടുത്തതായി ബ്രിഗേഡിയര്‍ മാജിദ് സുല്‍ത്താന്‍ അല്‍അസം പറഞ്ഞു.



