അബുദാബി– യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ അതിശക്ത മഴ തുടരുന്നു. അബുദാബിയിൽ തിങ്കളാഴ്‌ച രാവിലെ ഇടി മിന്നലോടു കൂടിയ മഴ പെയ്തു. ദുബൈ, ഷാർജ, അജ്‌മാൻ, റാസ് അല്‍ ഖൈമ ഉള്‍പ്പെടെയുള്ള എമിറേറ്റുകളില്‍ നല്ല രീതിയിൽ മഴ പെയ്തു.
കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. മൂടിക്കെട്ടിയ അന്തരീക്ഷം ആയതിനാൽ കാഴ്ച പരിധി കുറയുന്നതിനാൽ വാഹനം ഓടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം. ചിലയിടങ്ങളിൽ അതിശക്തമായ കാറ്റു വീശുന്നു. തിങ്കളാഴ്ച പുലർച്ചെ മുതൽ അബുദാബിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും ഇടിമിന്നലും തുടരുന്നു. അസ്ഥിരമായ കാലാവസ്ഥയെത്തുടർന്ന് പൊതുജനങ്ങൾക്കായി അബുദാബി പൊലീസും സിവിൽ ഡിഫൻസും കർശന സുരക്ഷാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. അന്തരീക്ഷത്തിന്റെ വിവിധ തട്ടുകളിലുണ്ടായ ന്യൂനമർദ്ദങ്ങളുടെ ഫലമായാണ് രാജ്യം ഇത്തരമൊരു കാലാവസ്ഥാ വ്യതിയാനത്തിന് സാക്ഷ്യം വഹിക്കുന്നത്.
മഴ കനത്തതോടെ റോഡുകളിൽ കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു. റോഡുകളിലെ ഇലക്ട്രോണിക് ബോർഡുകളിൽ നൽകിയിരിക്കുന്ന താൽക്കാലിക വേഗപരിധി കൃത്യമായി പാലിക്കണമെന്നും മുൻപിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കണമെന്നും നിർദ്ദേശമുണ്ട്. താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുള്ള ഇടങ്ങളിലും പോകുന്നത് ഒഴിവാക്കണമെന്നും മലയോര മേഖലകളിൽ മിന്നൽ പ്രളയത്തിന് സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
ഇടിമിന്നലുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളിലോ ഉയർന്ന പ്രദേശങ്ങളിലോ നിൽക്കുന്നത് അപകടകരമാണ്. ശക്തമായ കാറ്റിൽ പറന്നുപോകാൻ സാധ്യതയുള്ള വസ്തുക്കൾ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റിവെക്കാൻ താമസക്കാർ ശ്രദ്ധിക്കണം. വരും മണിക്കൂറുകളിലും മഴ തുടരാൻ സാധ്യതയുള്ളതിനാൽ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
https://x.com/Storm_centre/status/2035930868917871081?



