ദുബായ് – സ്വന്തം നാട്ടുകാരിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അശ്ലീല ചിത്രങ്ങള്‍ സ്നാപ്ചാറ്റിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് ഏഷ്യന്‍ വംശജനായ പ്രവാസിയായ പ്രതിക്ക് ദുബായ് ക്രിമിനല്‍ കോടതി ആറ് മാസം തടവ് ശിക്ഷ വിധിച്ചു. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു. പ്രതിയുടെ ഫോണ്‍ കണ്ടുകെട്ടാനും ബന്ധപ്പെട്ട എല്ലാ ഡാറ്റയും നശിപ്പിക്കാനും വിധിയുണ്ട്.
പ്രായപൂര്‍ത്തിയാകാത്ത ഏഷ്യന്‍ പെണ്‍കുട്ടി ഏപ്രിലിലാണ് പോലീസില്‍ പരാതി നല്‍കിയത്. സ്നാപ്ചാറ്റിലൂടെ നടത്തിയ സംഭാഷണങ്ങള്‍ക്കിടയില്‍ പങ്കിട്ട അശ്ലീല ഫോട്ടോകളും വീഡിയോകളും ഉപയോഗിച്ച് പ്രതി തന്നെ ബ്ലാക്ക്മെയില്‍ ചെയ്തതായി പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞു.
യുവാവുമായുള്ള സംസാരം അവസാനിപ്പിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം. കൂടുതൽ ചിത്രങ്ങൾ അയച്ചില്ലെങ്കില്‍ നേരത്തെ തന്റെ കൈകളില്‍ എത്തിയചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പുറത്തുവിടുമെന്നും കുടുംബത്തിന് അയച്ച് നല്‍കുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നെന്നും പെണ്‍കുട്ടി അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞു.
പ്രത്യേക സൈബര്‍ ക്രൈം സംഘം പ്രതിയെ അറസ്റ്റ് ചെയ്തതായി ദുബായ് പോലീസ് ഉദ്യോഗസ്ഥന്‍ കോടതിയില്‍ സാക്ഷ്യപ്പെടുത്തി. തിരച്ചിലിനിടെ, ഇരയുടെയും മറ്റ് പെണ്‍കുട്ടികളുടെയും അശ്ലീല ക്ലിപ്പുകള്‍ അടങ്ങിയ ഡി.വി.ഡിയും മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന സമാനമായ വസ്തുക്കളും ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
സ്വകാര്യ വീഡിയോകളും ഫോട്ടോകളും ആവശ്യപ്പെട്ട് പ്രതി ഒന്നിലധികം പെണ്‍കുട്ടികള്‍ക്ക് ഭീഷണി സന്ദേശങ്ങള്‍ അയച്ചതായി ഡിജിറ്റല്‍ ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. തെളിവുകള്‍ ശക്തമാണെന്ന് കണ്ടെത്തിയ കോടതി, പ്രതിയുടെ പ്രവൃത്തികള്‍ ക്രിമിനല്‍ ഭീഷണി, പ്രായപൂര്‍ത്തിയാകാത്ത ഒരാളെ ചൂഷണം ചെയ്യല്‍, ഓണ്‍ലൈന്‍ ആശയവിനിമയ പ്ലാറ്റ്ഫോമുകളുടെ ദുരുപയോഗം എന്നിവയാണെന്ന് വിധിച്ച് ശിക്ഷ പ്രഖ്യാപിക്കുകയായിരുന്നു.



