അബുദാബി– ഐക്യരാഷ്ട്രസഭയുടെ അടുത്ത സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് യു.എ.ഇ സഹമന്ത്രി ലാന സക്കി നുസൈബെയെ ഔദ്യോഗികമായി നാമനിര്‍ദ്ദേശം ചെയ്തു. ഈ വര്‍ഷം അവസാനം കാലാവധി അവസാനിക്കുന്ന അന്റോണിയോ ഗുട്ടെറസിന് പകരമായാണ് ഈ നിർദ്ദേശം. 2027 ജനുവരി മുതൽ യു.എന്നിനെ നയിക്കേണ്ട പുതിയ മേധാവിയെ കണ്ടെത്താനുള്ള രക്ഷാ സമിതിയുടെ അനൗപചാരിക കൂടിയാലോചനകൾ പുരോഗമിക്കുന്നതിനിടയിലാണ് യു.എഇയുടെ നിർണായക നീക്കം.
യു.എന്‍ ചാര്‍ട്ടര്‍ പ്രകാരം സ്ഥാപിത നടപടിക്രമങ്ങൾ പാലിച്ച്, യു.എഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്നഹ്യാന് അയച്ച ഔദ്യോഗിക കത്തിലൂടെയാണ് ലാന നുസൈബെയുടെ നാമനിര്‍ദ്ദേശം സമർപ്പിച്ചത്.
ഐക്യരാഷ്ട്രസഭയില്‍ ഒരു ദശാബ്ദത്തിലേറെ നീളുന്ന പ്രവർത്തന പരിചയമുള്ള വ്യക്തിയാണ് ലാന നുസൈബെ. 2013 മുതല്‍ 2024 വരെ യു.എന്‍ സ്ഥിരം പ്രതിനിധിയായി സേവനമനുഷ്ഠിച്ച അവർ, ജനറല്‍ അസംബ്ലിയുടെ വൈസ് പ്രസിഡന്റ്, യു.എന്‍ വനിതാ എക്സിക്യൂട്ടീവ് ബോര്‍ഡ് ചെയര്മാൻ എന്നീ നിലകളിലും മികവ് തെളിയിച്ചിട്ടുണ്ട്. 2022-23 കാലയളവിൽ സുരക്ഷാ സമിതിയിൽ യു.എഇയുടെ അംഗത്വമുണ്ടായിരുന്ന സമയത്ത് രണ്ടുതവണ രക്ഷാ സമിതി അധ്യക്ഷയായും അവർ പ്രവർത്തിച്ചു. അന്താരാഷ്ട്ര സമാധാനം, സുസ്ഥിര വികസനം, കാലാവസ്ഥാ വ്യതിയാനം, സ്ത്രീ ശാക്തീകരണം എന്നീ മേഖലകളിലെല്ലാം മികച്ച സംഭാവനകളാണ് നുസൈബെ നൽകിയിട്ടുള്ളത്.
അന്റോണിയോ ഗുട്ടെറസിന്റെ പിൻഗാമിയെ കണ്ടെത്താനുള്ള അനൗപചാരിക വോട്ടെടുപ്പുകളുടെ ഭാഗമായി ഒക്ടോബർ 16-ന് സുരക്ഷാ സമിതിയിൽ റൗണ്ടുകൾ നടന്നിരുന്നു. കോസ്റ്റാറിക്കയുടെ മുൻ വൈസ് പ്രസിഡന്റ് റെബേക്ക ഗ്രീന്‍സ്പാന്‍, ഐ.എ.ഇ.എ ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസി, ഗയാനയുടെ മുന്‍ വിദേശകാര്യ മന്ത്രി കരോലിന് റോഡ്രിഗസ് ബിര്‍കെറ്റ് തുടങ്ങി മറ്റ് ആറ് പ്രമുഖ സ്ഥാനാർത്ഥികളും മത്സരരംഗത്തുണ്ട്. നിലവിൽ റെബേക്ക ഗ്രീന്‍സ്പാന്‍ ഒമ്പത് വോട്ടുകളോടെ മുന്നിലുണ്ടെങ്കിലും സ്ഥിരാംഗങ്ങളുടെ നിലപാടുകൾ സമവായത്തിലെത്താൻ വൈകുന്നുണ്ട്. മുൻ സെനഗൽ പ്രസിഡന്റ് മാക്കി സാൾ പിന്മാറിയതിനെത്തുടർന്നാണ് ലാന നുസൈബെ ഈ മത്സരത്തിലേക്ക് കടന്നുവരുന്നത്.
രക്ഷാ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ജനറല്‍ അസംബ്ലിയാണ് സെക്രട്ടറി ജനറലിനെ ഔദ്യോഗികമായി നിയമിക്കുന്നത്. വരും ആഴ്ചകളിൽ തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ സെക്രട്ടറി ജനറലിന്റെ കാലാവധി 2027 ജനുവരി 1-ന് ആരംഭിക്കും.



